പാഠം തീരാതെ ‘ഓണപ്പരീക്ഷ; പഠനദിനങ്ങൾ നഷ്ടമായതോടെ വിദ്യാർഥികളും അധ്യാപകരും പ്രതിസന്ധിയിൽ


ഷീബ വിജയൻ

ഓണപ്പരീക്ഷ ഈ മാസം 13-ന് ആരംഭിക്കാനിരിക്കെ വലിയ ആശങ്കയിലാണ് അധ്യാപകരും രക്ഷിതാക്കളും വിദ്യാർഥികളും. കനത്ത മഴയെത്തുടർന്നുണ്ടായ അവധികളും അധ്യാപകരുടെ സെൻസസ് ഡ്യൂട്ടിയും കാരണം സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ അധ്യയന ദിനങ്ങൾ വ്യാപകമായി നഷ്ടപ്പെടുകയും സിലബസ് പൂർത്തിയാക്കാൻ കഴിയാതെ വരികയും ചെയ്തതാണ് പ്രതിസന്ധിക്ക് കാരണമായത്.

ഭൂരിഭാഗം സ്കൂളുകളിലും നാമമാത്രമായ പാഠഭാഗങ്ങൾ മാത്രമാണ് ഇതുവരെ പഠിപ്പിച്ചുതീർക്കാൻ സാധിച്ചിട്ടുള്ളത്. സിലബസ് പൂർത്തിയാകാത്ത സാഹചര്യത്തിൽ പരീക്ഷ ഓണം കഴിഞ്ഞതിലേക്ക് മാറ്റിവെക്കണമെന്ന് അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും, അക്കാഡമിക് കലണ്ടർ ചൂണ്ടിക്കാട്ടി പരീക്ഷാ തീയതികളിൽ മാറ്റം വരുത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തയാറായില്ല.

ജൂൺ, ജൂലൈ മാസങ്ങളിലെ കനത്ത മഴയും തുടർന്നുണ്ടായ വെള്ളപ്പൊക്കവും പ്രാദേശിക അവധികളും സ്കൂളുകളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു. വെള്ളപ്പൊക്കത്തിൽ പുസ്തകങ്ങളും പഠനോപകരണങ്ങളും നഷ്ടപ്പെട്ട വിദ്യാർഥികളും നിരവധിയാണ്. ഈ മാസം ആദ്യവാരത്തിലും കനത്ത മഴയെത്തുടർന്ന് ഭൂരിഭാഗം ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകേണ്ടി വന്നു.

ഇതിനുപുറമെ, ജൂലൈ മാസത്തിൽ നടന്ന സെൻസസ് ഡ്യൂട്ടിക്കായി പകുതിയോളം അധ്യാപകരെ നിയോഗിച്ചതും അവരുടെ പരിശീലന പരിപാടികളും സ്കൂളുകളുടെ പ്രവർത്തനത്തെ കൂടുതൽ പ്രതിസന്ധിയിലാക്കി. ഡ്യൂട്ടിയിലുള്ള അധ്യാപകർക്ക് പകരം സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം സർക്കാർ തള്ളിയതോടെ അധ്യയനം പൂർണമായി തടസ്സപ്പെടുകയായിരുന്നു.

നിലവിലെ ടൈംടേബിൾ പ്രകാരം 13-ന് ഒന്ന് മുതൽ 10 വരെയുള്ള ക്ലാസുകളിൽ ഓണപ്പരീക്ഷ ആരംഭിക്കും. ഹയർസെക്കൻഡറി വിഭാഗത്തിൽ പരീക്ഷകൾ 14-നാണ് തുടങ്ങുന്നത്. സ്കൂളുകൾ ഓണാവധിക്കായി അടയ്ക്കുന്ന ഈ മാസം 21-ന് പരീക്ഷകൾ അവസാനിക്കും.

നഷ്ടപ്പെട്ട അധ്യയന ദിവസങ്ങൾക്ക് പകരമായി സ്പെഷൽ ക്ലാസുകളും ഓൺലൈൻ ക്ലാസുകളും സംഘടിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, അടിസ്ഥാനസൗകര്യങ്ങളുടെ കുറവുമൂലം പല വിദ്യാർഥികളിലേക്കും ഇത് എത്തിക്കാൻ സാധിക്കുന്നില്ലെന്ന് അധ്യാപകർ ചൂണ്ടിക്കാണിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമായ പ്രധാന വിഷയങ്ങൾ ഒരേ ദിവസം തന്നെ പരീക്ഷയായി വരുന്നത് വിദ്യാർഥികളിൽ കടുത്ത മാനസിക സമ്മർദം ഉണ്ടാക്കുന്നുണ്ട്. പാഠഭാഗങ്ങൾ പൂർണ്ണമായി പഠിപ്പിച്ചുതീർക്കാതെ പരീക്ഷ നടത്തുന്നത് കുട്ടികളുടെ രണ്ടാം ടേം പരീക്ഷകളെയും സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് അധ്യാപകരും രക്ഷിതാക്കളും.

 

article-image

dsfdsdfsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed