മുതിർന്ന നേതാക്കൾ വഴികാട്ടികളാകണം: ജയറാം രമേശ്
കൊൽക്കത്ത : തലമുതിർന്ന നേതാക്കൾ പാർട്ടിയെ ദ്രോഹിക്കുന്നതിന് പകരം വഴികാട്ടികളായി മാറണമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് അഭിപ്രായപ്പെട്ടു. 2019ലെ ലോക്‌സഭാ തിര
ഞ്ഞെടുപ്പിന് മുന്പ് പാർട്ടി ചുമതലകൾ യുവാക്കളിലേക്കെത്തണമെന്നും ഗുജറാത്ത് തിരഞ്ഞെടുപ്പു ഫലം കോൺഗ്രസ് പാർട്ടിയുടെ തിരിച്ചുവരവിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും പറഞ്ഞ ജയറാം രമേശ് രാഹുൽ ഗാന്ധി മുഴുവൻ സമയ രാഷ്ട്രീയക്കാരനായതിന്റെ തെളിവാണിതെന്നും കൂട്ടിച്ചേർത്തു. ഗുജറാത്ത് തിരഞ്ഞെടുപ്പിന് മുന്പ് ഒരു രാഹുൽ ഗാന്ധിയെയും തിരഞ്ഞെടുപ്പിനുശേഷം മറ്റൊരാളെയുമാണ് കാണാനായത്. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണം വിജയകരമായിരുന്നെന്ന് തെളിയിക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് മികച്ച വിജയം സ്വന്തമാക്കുമെന്നും ജയറാം രമേശ് അവകാശപ്പെട്ടു.
കൊലപാതക ത്വരയുള്ള നേതാക്കളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമെന്നും അദ്ദേഹം ആരോപിച്ചു. അവരെ അവർക്കു മനസ്സിലാകുന്ന ഭാഷകൊണ്ടു തന്നെ നേരിടണമെന്നും കള്ളം പറയുന്നത് ശീലമാക്കിയ നരേന്ദ്ര മോദിയാണ് ഇതുവരെ കണ്ടതിൽവെച്ച് ഏറ്റവും വലിയ ‘ഷോ മാൻ’. മോദിയും അമിത് ഷായും ചേർന്ന് സമൂഹത്തെയും സംസ്കാരത്തെയും ഇല്ലാതാക്കുകയാണെന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.
41 ശതമാനത്തോളം വോട്ടുപിടിച്ച് ഗുജറാത്തിൽ പാർട്ടി തിരിച്ചുവന്നത് വലിയ കാര്യമാണെന്ന് പറഞ്ഞ അദ്ദേഹം സച്ചിൻ പൈലറ്റ്, ജ്യോതിരാദിത്യ സിന്ധ്യ, ഗൗരവ് ഗോഗോയ്, സുഷ്മിത ദേവ് തുടങ്ങിയ നേതാക്കളെയാണ് പാർട്ടിയുടെ സുപ്രധാന സ്ഥാനങ്ങളിലേക്ക് ഉയർത്തിക്കൊണ്ടു വരേണ്ടതെന്നും അഭിപ്രായപ്പെട്ടു.

