'യു.എൻ ഇപ്പോൾ അപ്രസക്തം': സുരക്ഷാ കൗൺസിൽ പരിഷ്കരണങ്ങൾക്ക് ആഹ്വാനം ചെയ്ത് എസ്. ജയശങ്കർ


ശാരിക

ന്യൂഡൽഹി: വലിയ അന്താരാഷ്ട്ര പ്രതിസന്ധികളിലും സംഘർഷങ്ങളിലും അർത്ഥവത്തായ ഇടപെടലുകൾ നടത്തുന്നതിൽ ഐക്യരാഷ്ട്രസഭ പരാജയപ്പെട്ടുവെന്നും പ്രധാന തീരുമാനങ്ങളിൽ സംഘടന ഇപ്പോൾ അപ്രസക്തമായി മാറിയെന്നും വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വ്യക്തമാക്കി. ഡൽഹിയിൽ നടന്ന അഞ്ചാമത് കൗടില്യ ഇക്കണോമിക് കോൺക്ലേവിൽ സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. യു.എൻ സുരക്ഷാ കൗൺസിൽ സ്തംഭനാവസ്ഥയിലാണെന്നും അത് ഇന്നത്തെ ലോകത്തിന്റെ മുഴുവൻ താൽപര്യങ്ങളെയും പ്രതിഫലിപ്പിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുക്രെയ്നിലെയും പശ്ചിമേഷ്യയിലെയും സംഘർഷങ്ങൾ ഉൾപ്പെടെയുള്ള ആഗോള വിഷയങ്ങളിൽ യു.എൻ കാഴ്ചക്കാരുടെ റോളിലേക്ക് ഒതുങ്ങിയതായി ജയശങ്കർ ചൂണ്ടിക്കാണിച്ചു. 51 അംഗങ്ങളുമായി ആരംഭിച്ച യു.എന്നിൽ ഇന്ന് അതിൻറെ നാലിരട്ടി അംഗങ്ങളുണ്ട്. പഴയ രീതികൾ തന്നെ തുടർന്നാൽ കാര്യങ്ങൾ മുന്നോട്ട് പോകില്ലെന്നും ഘടനാപരമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു. ആഫ്രിക്കയുടെ താൽപര്യങ്ങൾ മുൻനിർത്തി ചില രാജ്യങ്ങൾ പരിഷ്കാരങ്ങളെ എതിർക്കുന്നുണ്ടെങ്കിലും ആഫ്രിക്കൻ രാജ്യങ്ങൾ തന്നെ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.

യു.എൻ സംവിധാനങ്ങളെ ഒഴിവാക്കുന്നതിന് പകരം അവയെ ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര സാമ്പത്തിക-വ്യാപാര രംഗങ്ങളിലും വലിയ തകർച്ചകൾ സംഭവിച്ചിട്ടുണ്ടെന്നും വിപണി തത്വങ്ങളുടെ അടിസ്ഥാനത്തിൽ ഉണ്ടാക്കിയ സംവിധാനങ്ങൾ ഇന്ന് തടസ്സപ്പെടുകയാണെന്നും കൂട്ടിച്ചേർത്തു. സുരക്ഷാ കൗൺസിലിൽ മാറ്റങ്ങൾ വരുത്തുന്നതിനായി ജി4 രാജ്യങ്ങൾ, എൽ.69 ഗ്രൂപ്പ് തുടങ്ങിയവയുമായി ചേർന്ന് ഇന്ത്യ ശക്തമായ നയതന്ത്ര നീക്കങ്ങൾ നടത്തുന്നുണ്ട്.

article-image

sdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed