മണിപ്പൂർ വിഷമദ്യ ദുരന്തം: മരണസംഖ്യ 17 ആയി; 200 പേർ വിവിധ ആശുപത്രികളിൽ
ശാരിക
ഇംഫാൽ: മണിപ്പൂരിലെ ചന്ദേൽ ജില്ലയിലുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി ഉയർന്നു. ചക്പികരോങ് മേഖലയിലാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവമുണ്ടായത്. വിഷമദ്യം കഴിച്ചതിനെത്തുടർന്ന് ആരോഗ്യനില വഷളായ ഇരുനൂറോളം പേരെ ഇംഫാലിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്തെ മൂന്ന് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
ഇംഫാലിലെ ഷിജ, ബാബിന ആശുപത്രികളിലാണ് നിലവിൽ രോഗികൾ ചികിത്സയിലുള്ളത്. മുഖ്യമന്ത്രി യുംനം ഖേംചന്ദ് സിംഗ് ആശുപത്രികൾ സന്ദർശിച്ച് ചികിത്സയിൽ കഴിയുന്നവരുടെ ആരോഗ്യസ്ഥിതി വിലയിരുത്തി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടതായും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, ദുരന്തത്തിന് കാരണമായ മദ്യം ചന്ദേൽ ജില്ലയിൽ നിർമ്മിച്ചതല്ലെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് പ്രത്യേക വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. കാക്ചിംഗ് ജില്ലയിലെ സുഗ്നുവിൽ നിന്നാണ് ഈ മദ്യം എത്തിച്ചതെന്നും ചന്ദേൽ ജില്ലയിൽ പരമ്പരാഗത മദ്യത്തിന്റെ പ്രാദേശിക നിർമ്മാണം നടന്നിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.


