'വിഷവായു ശ്വസിപ്പിച്ചുള്ള ആഘോഷം വേണ്ട'; മുംബൈയിൽ പടക്കങ്ങൾക്ക് സമ്പൂർണ നിരോധനമൊരുങ്ങുന്നു


ഷീബ വിജയൻ


മുംബൈ: ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും പണയംവെച്ച് പടക്കങ്ങളുടെ നിർമാണവും വിൽപനയും അനുവദിക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. മുംബൈയിൽ പടക്കവിൽപന പൂർണമായി നിരോധിക്കുന്ന കാര്യം പരിഗണനയിലാണെന്നും ജസ്റ്റിസുമാരായ ഗിരീഷ് കുൽക്കർണി, നീല ഗോകലെ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ദീപാവലി ദിനത്തിൽ പുലർച്ചെ നാലുമണി വരെ പടക്കം പൊട്ടിച്ചതായും വായുഗുണനിലവാര സൂചിക (എ.ക്യു.ഐ) 400 കടന്നതായും കോടതി ചൂണ്ടിക്കാട്ടി. പടക്കങ്ങളുമായി ബന്ധപ്പെട്ട് ഈ വർഷം 350ഓളം തീപിടിത്തങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സ്വന്തം സന്തോഷത്തിനായി പടക്കം പൊട്ടിച്ച് മറ്റുള്ളവരുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്നത് ആഘോഷമായി കാണാനാകില്ലെന്ന് കോടതി ഓർമ്മിപ്പിച്ചു. കുട്ടികളും വയോധികരും രോഗികളും വിഷവായു ശ്വസിക്കാൻ നിർബന്ധിതരാകുകയാണ്. എല്ലാവർക്കും വീടുകളിൽ വായു ശുദ്ധീകരണ ഉപകരണങ്ങൾ സ്ഥാപിക്കാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ഗ്രീൻ ക്രാക്കറുകളുടെ പേരിലുള്ള തട്ടിപ്പുകളെയും ബേരിയം, അലുമിനിയം പോലുള്ള നിരോധിത രാസവസ്തുക്കളുടെ ഉപയോഗത്തെയും കോടതി രൂക്ഷമായി വിമർശിച്ചു.

പടക്കവിൽപനയ്ക്കുള്ള ലൈസൻസ് സംവിധാനം പുനഃപരിശോധിക്കണമെന്നും സർക്കാർ നിയന്ത്രണത്തിലുള്ള വിൽപന കേന്ദ്രങ്ങൾ പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു. ദീപാവലിക്ക് മാത്രമല്ല, വർഷം മുഴുവൻ കായിക മത്സരങ്ങൾ, വിവാഹങ്ങൾ, ഘോഷയാത്രകൾ, തെരഞ്ഞെടുപ്പ് വിജയാഘോഷങ്ങൾ എന്നിവയിലും പടക്കനിയന്ത്രണം ബാധകമാണെന്ന് കോടതി വ്യക്തമാക്കി. പടക്കവിൽപന പൂർണമായി നിരോധിക്കണമെന്ന് ഹരജിക്കാർ ആവശ്യപ്പെട്ടു. വിശദമായ വാദം കേട്ട കോടതി ഉത്തരവ് പറയാനായി മാറ്റിവച്ചു. അനധികൃത പടക്കവിൽപനയുമായി ബന്ധപ്പെട്ട് 491 കേസുകളും നിരോധിത പടക്കങ്ങൾ വിറ്റതിന് 91 കേസുകളും രജിസ്റ്റർ ചെയ്തതായി മുംബൈ പൊലീസ് കോടതിയെ അറിയിച്ചു.

article-image

sdfdds

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed