അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ തലപ്പത്ത് വീണ്ടും ജയ് ഷാ; രണ്ടാം ഊഴവും എതിരില്ലാതെ സ്വന്തമാക്കി
ഷീബ വിജയൻ
അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ (ഐ.സി.സി) ചെയർമാൻ സ്ഥാനത്തേക്ക് ജയ് ഷാ എതിരില്ലാതെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഇന്തോനേഷ്യയിലെ ബാലിയിൽ നടന്ന ഐ.സി.സി ബോർഡ്, കമ്മിറ്റി യോഗങ്ങളിലാണ് അദ്ദേഹത്തിന്റെ രണ്ടാം ഊഴം ഉറപ്പിച്ചത്. തിങ്കളാഴ്ച ഐ.സി.സി ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പുറത്തിറക്കി. 2024 ഡിസംബറിലാണ് മുൻ ബി.സി.സി.ഐ സെക്രട്ടറി കൂടിയായ ജയ് ഷാ ആദ്യമായി ഐ.സി.സി ചെയർമാനായി ചുമതലയേറ്റത്. ഐ.സി.സി ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ചെയർമാൻ കൂടിയാണ് അദ്ദേഹം.
തന്റെ രണ്ടാം ഊഴത്തിൽ ക്രിക്കറ്റിന്റെ ആഗോള വ്യാപനത്തിനും പുതിയ തലമുറയെ കളിയിലേക്ക് ആകർഷിക്കുന്നതിനും കൂടുതൽ പ്രാധാന്യം നൽകുമെന്ന് ജയ് ഷാ വ്യക്തമാക്കി. 2028ലെ ലോസ് ആഞ്ജലസ് ഒളിമ്പിക്സിലേക്ക് ക്രിക്കറ്റ് തിരിച്ചെത്തുന്നത് കായികരംഗത്തിന്റെ വളർച്ചയിലെ ഏറ്റവും നിർണായക വഴിത്തിരിവാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വനിതാ ക്രിക്കറ്റിന്റെ വളർച്ച, അസോസിയേറ്റ് അംഗരാജ്യങ്ങൾക്ക് കൂടുതൽ അവസരങ്ങൾ നൽകൽ, രാജ്യാന്തര ക്രിക്കറ്റിന്റെ വിശ്വാസ്യത സംരക്ഷിക്കൽ, സാമ്പത്തിക സ്ഥിരത ഉറപ്പാക്കൽ തുടങ്ങിയ മേഖലകൾക്കും ഐ.സി.സി മുൻഗണന നൽകും. ഐ.സി.സി ബോർഡ് തന്നിൽ അർപ്പിച്ച വിശ്വാസം വലിയൊരു അംഗീകാരമാണെന്നും ലോകമെമ്പാടുമുള്ള ക്രിക്കറ്റിന്റെ താൽപര്യങ്ങൾ സംരക്ഷിക്കാൻ എല്ലാ അംഗരാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
adsdsdsd


