ഓൺലൈൻ ഫേസ് ക്രീമിൽ ഒളിഞ്ഞിരുന്നത് കൊടുംവിഷം; മലപ്പുറത്തെ 17-കാരിക്ക് ഗുരുതര വൃക്കരോഗം, അന്വേഷണത്തിന് ഉത്തരവ്; കേസെടുത്ത് ബാലാവകാശ കമീഷൻ
ഷീബ വിജയൻ
മലപ്പുറം: സൗന്ദര്യവർധക ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് മെർക്കുറി വിഷബാധയേറ്റ് പതിനേഴുകാരിയുടെ വൃക്കകൾ ഗുരുതരമായി തകരാറിലായ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ സ്വമേധയാ കേസെടുത്തു. ഓൺലൈൻ വഴി വാങ്ങിയ ഫേസ് ക്രീം ഒരു വർഷത്തോളം തുടർച്ചയായി ഉപയോഗിച്ചതോടെയാണ് പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥതകൾ തുടങ്ങിയത്. പരിശോധനയിൽ കുട്ടിയുടെ ശരീരത്തിലും, ലാബ് പരിശോധനയിൽ ക്രീമിലും അമിതമായ അളവിൽ മെർക്കുറി അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. സംഭവത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പ് ഡയറക്ടർ, ഡിജിപി, ഡ്രഗ്സ് കൺട്രോളർ, കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി, ആശുപത്രി സൂപ്രണ്ട് എന്നിവരോട് കമീഷൻ ആവശ്യപ്പെട്ടു.
മാരകമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന മുഖകാന്തി ക്രീമുകൾ വിപണിയിൽ സുലഭമാകുന്നത് അധികൃതരുടെ അനാസ്ഥ മൂലമാണെന്ന വിമർശനം ശക്തമാണ്. ഇത്തരം ക്രീമുകളിൽ മെർക്കുറി, ലെഡ് തുടങ്ങിയ വിഷലോഹങ്ങളും വീര്യം കൂടിയ സ്റ്റിറോയിഡുകളും അപകടകരമായ അളവിൽ ചേർക്കുന്നുണ്ടെന്ന് സി.ഡി.എസ്.സി.ഒ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. വ്യാജ പരസ്യങ്ങൾ കോസ്മെറ്റിക്സ് നിയമപ്രകാരം കുറ്റകരമാണെങ്കിലും ഇവ തടസ്സമില്ലാതെ വിറ്റഴിക്കപ്പെടുകയാണ്.
ചർമത്തിലൂടെ രക്തത്തിൽ കലരുന്ന മെർക്കുറി വൃക്കകളെയും നാഡീവ്യവസ്ഥയെയും സാരമായി ബാധിക്കുകയും വിറയൽ, ഓർമക്കുറവ്, കടുത്ത ക്ഷീണം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യും. ക്രീമുകളിലെ വീര്യമുള്ള സ്റ്റിറോയിഡുകൾ ചർമം നേർത്തതാക്കാനും മുഖക്കുരു, ചുവപ്പ്, അമിത രോമവളർച്ച, സ്ഥിരമായ കറുത്ത പാടുകൾ എന്നിവയ്ക്കും ഇടയാക്കും. മെലാനിൻ ഉൽപാദനം കുറച്ച് നിറം നൽകാനാണ് മെർക്കുറി ഉപയോഗിക്കുന്നതെന്നും ഇവ ആരോഗ്യത്തിന് ഭീഷണിയാണെന്നും ലോകാരോഗ്യ സംഘടനയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനാൽ ചേരുവകൾ വ്യക്തമായി രേഖപ്പെടുത്താത്തതും അനധികൃതമായി വിൽക്കുന്നതുമായ ക്രീമുകൾ ഒഴിവാക്കി, ചർമപ്രശ്നങ്ങൾക്ക് വിദഗ്ധ ചികിത്സ മാത്രം തേടുക.
dedfsdffds


