കാവേരിയിൽ തമിഴ്നാടിന് വൻ തിരിച്ചടി; 11 ടിഎംസി വെള്ളം വേണമെന്ന ഹർജി സുപ്രീംകോടതി തള്ളി


ഷീബ വിജയൻ


ന്യൂഡൽഹി: കാവേരി നദീജല തർക്കത്തിൽ തമിഴ്നാട് സർക്കാരിന് സുപ്രീംകോടതിയിൽ നിന്ന് തിരിച്ചടി. കാവേരിയിൽ നിന്ന് 11 ടി.എം.സി അടി വെള്ളം വിട്ടുനൽകാൻ കർണാടക സർക്കാരിന് നിർദേശം നൽകണമെന്ന തമിഴ്‌നാടിന്റെ ഹർജികൾ ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് അപരേഷ് സിങ് എന്നിവരടങ്ങിയ ബെഞ്ച് തള്ളി.

ഒക്ടോബർ ഏഴ് വരെയുള്ള കണക്കുകൾ പ്രകാരം 11 ടിഎംസി അടി ജലത്തിന്റെ കുടിശ്ശിക ഉടൻ തീർക്കണമെന്നും, ബില്ലിഗുണ്ടുലുവിൽ 10 ദിവസത്തിനുള്ളിൽ പ്രതിദിനം 1.3 ടിഎംസി അടി വീതം വെള്ളം എത്തിക്കണമെന്നുമായിരുന്നു തമിഴ്‌നാടിന്റെ രണ്ട് ഹർജികളിലെ ആവശ്യം. ഒക്ടോബർ 12-ന് സമർപ്പിച്ച ഈ അപേക്ഷകളിൽ വിധി പറയുന്നത് കോടതി മാറ്റിവെച്ചിരിക്കുകയായിരുന്നു.

മഴ കുറഞ്ഞ വർഷമായതിനാലും നിരവധി പ്രദേശങ്ങൾ വരൾച്ചാബാധിതമായതിനാലും 11 ടിഎംസി അടി വെള്ളം വിട്ടുനൽകുക പ്രായോഗികമല്ലെന്ന് കർണാടക അറിയിച്ചിരുന്നു. മഴ കുറഞ്ഞിട്ടും അർഹതപ്പെട്ട വിഹിതം ലഭിച്ചില്ലെന്നും കൃഷിക്കാവശ്യമായ ജലം പോലും നൽകാൻ കഴിയാത്ത അവസ്ഥയാണെന്നും തമിഴ്‌നാട് വാദിച്ചു. എന്നാൽ കാവേരി ജല മാനേജ്‌മെന്റ് അതോറിറ്റിയുടെ നിർദേശങ്ങൾ കൃത്യമായി പാലിച്ചുവെന്നാണ് കർണാടകയുടെ നിലപാട്.

ആഗസ്റ്റ് മൂന്നിലെ കണക്കനുസരിച്ച് കർണാടകയിലെ നാല് പ്രധാന അണക്കെട്ടുകളിൽ 77.537 ടിഎംസി അടി വെള്ളമുണ്ടെന്നും അതിൽ 67.517 ടിഎംസി അടി ഉപയോഗിക്കാവുന്നതാണെന്നും തമിഴ്‌നാട് ചൂണ്ടിക്കാട്ടി. 15 ദിവസത്തേക്ക് പ്രതിദിനം 3,500 ക്യുസെക്‌സ് വെള്ളം വിട്ടുനൽകണമെന്ന അതോറിറ്റിയുടെ നിർദേശം അപര്യാപ്തമാണെന്നും ജൂൺ ഒന്ന് മുതൽ ആഗസ്റ്റ് 12 വരെ ഉണ്ടായ 26.954 ടിഎംസി അടി വെള്ളത്തിന്റെ കുറവ് നികത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. കൃഷ്ണരാജ സാഗർ, കബിനി അണക്കെട്ടുകളിൽ നിന്ന് ജൂലൈ 29 മുതൽ 15 ദിവസത്തേക്ക് ബില്ലിഗുണ്ടുലുവിൽ പ്രതിദിനം 3,500 ക്യുസെക്‌സ് ജലമൊഴുക്ക് ഉറപ്പാക്കാൻ ജൂലൈ 28-ന് ചേർന്ന നിയന്ത്രണ സമിതി നിർദേശിക്കുകയും ജൂലൈ 30-ന് അതോറിറ്റി ഇത് അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ കർണാടക ഇത് പാലിച്ചില്ലെന്ന് ആരോപിച്ചാണ് തമിഴ്‌നാട് കോടതിയെ സമീപിച്ചത്.

article-image

asadsasdsa

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed