പാക് മന്ത്രിയുടെ സന്ദർശനത്തിന് കർശന നിയന്ത്രണം; താജ്മഹലും നിസാമുദ്ദീൻ ദർഗ്ഗയും കാണാൻ അനുമതി നിഷേധിച്ച് ഇന്ത്യ


ശാരിക

ന്യൂഡൽഹി: ഷാങ്ഹായ് സഹകരണ സംഘടനയുടെ (SCO) യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തിയ പാകിസ്ഥാൻ കാലാവസ്ഥാ മന്ത്രി മുസാദിഖ് മാലിക്കിന് താജ്മഹൽ സന്ദർശിക്കാനുള്ള അനുമതി കേന്ദ്ര സർക്കാർ നിഷേധിച്ചു. ആഗ്രയിലെ താജ്മഹലും ഡൽഹിയിലെ നിസാമുദ്ദീൻ ദർഗ്ഗയും ഉൾപ്പെടെയുള്ള പ്രധാന സ്ഥലങ്ങൾ സന്ദർശിക്കാൻ അദ്ദേഹം അനുമതി തേടിയിരുന്നു. എന്നാൽ, എസ്‌സിഒ പരിപാടിയിൽ പങ്കെടുക്കാൻ മാത്രമാണ് വിസ അനുവദിച്ചിട്ടുള്ളതെന്നും മറ്റ് യാത്രകൾക്ക് അനുമതിയില്ലെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഡൽഹി വിമാനത്താവളത്തിൽ പാക് മന്ത്രിയെ സ്വീകരിക്കാൻ ഇന്ത്യൻ ഉദ്യോഗസ്ഥർ എത്തിയില്ലെന്ന പാക് നിരീക്ഷകരുടെ ആരോപണവും കേന്ദ്രം തള്ളി. സാംസ്കാരിക മന്ത്രാലയത്തിലെ ഡയറക്ടറും വിദേശകാര്യ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയും വിമാനത്താവളത്തിലെത്തി അദ്ദേഹത്തെ സ്വീകരിച്ചതായും എല്ലാ എസ്‌സിഒ പ്രതിനിധികൾക്കും നൽകുന്ന തുല്യമായ പ്രോട്ടോക്കോൾ തന്നെയാണ് നൽകിയതെന്നും അധികൃതർ അറിയിച്ചു.

2023-ൽ ഗോവയിൽ നടന്ന എസ്‌സിഒ യോഗത്തിൽ അന്നത്തെ വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി പങ്കെടുത്തതിന് ശേഷം ഇതാദ്യമായാണ് ഒരു പാകിസ്ഥാൻ കേന്ദ്രമന്ത്രി ഇന്ത്യയിലെത്തുന്നത്. പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് ഈ സന്ദർശനം. പാക് മന്ത്രിയെ ക്ഷണിച്ചതിനെതിരെ പ്രതിപക്ഷം രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. പഹൽഗാം സംഭവത്തിന് ശേഷം നയതന്ത്ര നിലപാടിൽ എന്ത് മാറ്റമാണ് ഉണ്ടായതെന്ന് ചോദിച്ച പ്രതിപക്ഷം, സിന്ധു നദീജല കരാർ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് മുസാദിഖ് മാലിക് നേരത്തെ നടത്തിയ പ്രകോപനപരമായ പരാമർശങ്ങളും ചൂണ്ടിക്കാണിക്കുന്നു. അംഗരാജ്യങ്ങൾ തമ്മിലുള്ള സാംസ്കാരികവും നാഗരികവുമായ സഹകരണം ചർച്ച ചെയ്യുന്ന വേദിയിൽ പാകിസ്ഥാന്റെ നിലപാടുകൾ മുസാദിഖ് മാലിക് അവതരിപ്പിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

2026-27 കാലയളവിൽ എസ്‌സിഒ കൗൺസിൽ ഓഫ് ഹെഡ്‌സ് ഓഫ് സ്റ്റേറ്റിന്റെ അധ്യക്ഷ പദവി വഹിക്കുന്നത് പാകിസ്ഥാനാണ്. 2001-ൽ റഷ്യ, ചൈന, കിർഗിസ് റിപ്പബ്ലിക്, കസാക്കിസ്ഥാൻ, താജിക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ എന്നീ രാജ്യങ്ങൾ ചേർന്ന് സ്ഥാപിച്ച എസ്‌സിഒയിൽ 2017-ലാണ് ഇന്ത്യയും പാകിസ്ഥാനും സ്ഥിരാംഗങ്ങളായത്. ഇറാൻ 2023-ലും അംഗമായി. 2024 ഒക്ടോബറിൽ ഇസ്ലാമാബാദിൽ നടന്ന എസ്‌സിഒ യോഗത്തിൽ പ്രധാനമന്ത്രിക്ക് പകരം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറാണ് പങ്കെടുത്തത്. അടുത്ത എസ്‌സിഒ ഉച്ചകോടിയുടെ മുന്നൊരുക്ക യോഗത്തിനായി ഇന്ത്യയുടെ എസ്‌സിഒ നാഷണൽ കോർഡിനേറ്റർ അലോക് ദിമ്രി കഴിഞ്ഞ മാസം ഇസ്ലാമാബാദ് സന്ദർശിച്ചിരുന്നു.

article-image

േിേി

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed