നാവികസേനയ്ക്ക് കരുത്തായി ആദ്യ ഫ്ലീറ്റ് സപ്പോർട്ട് കപ്പൽ 'സൂര്യ' നീറ്റിലിറക്കി; ഉദ്ഘാടനം ചെയ്ത് രാജ്നാഥ് സിങ്
ശാരിക
ന്യൂഡൽഹി: ഇന്ത്യൻ നാവികസേനക്കായി നിർമിക്കുന്ന ആദ്യ ഫ്ലീറ്റ് സപ്പോർട്ട് കപ്പൽ (എഫ്.എസ്.എസ്-1) 'സൂര്യ' വിശാഖപട്ടണത്തെ ഹിന്ദുസ്ഥാൻ ഷിപ്‌യാർഡിൽ നീറ്റിലിറക്കി. എഫ്.എസ്.എസ്-5ന്റെ കീലിടലും നവീകരിച്ച സ്ലിപ്‌വേ-4, 300 ടൺ ശേഷിയുള്ള ഗൊലൈത്ത് ക്രെയിൻ എന്നിവ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ കപ്പൽ നിർമാണശേഷി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പദ്ധതികൾ. കപ്പൽ നീറ്റിലിറക്കിയത് രാജ്യത്തിന്റെ നേട്ടത്തെയും കീലിടൽ ദൃഢനിശ്ചയത്തെയും പുതിയ സ്ലിപ്‌വേ വർധിച്ചുവരുന്ന നിർമാണശേഷിയെയും അടയാളപ്പെടുത്തുന്നതാണെന്ന് രാജ്നാഥ് സിങ് പറഞ്ഞു.
കപ്പൽ നിർമാണത്തിനൊപ്പം രാജ്യത്തിന്റെ ഭാവിയിലെ സമുദ്രശക്തിയുടെ അടിത്തറയും ശക്തിപ്പെടുത്തുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. കപ്പൽ നിർമാണത്തിൽ ഇന്ത്യക്ക് വലിയ സാധ്യതകളുണ്ടെങ്കിലും അവയെ നിർമാണശേഷിയിലേക്കും ആഗോള മത്സരക്ഷമതയിലേക്കും മാറ്റുകയാണ് അടുത്ത വെല്ലുവിളിയെന്ന് ചൂണ്ടിക്കാട്ടി. സമയബന്ധിതമായ നിർമാണം, ഉൽപാദനക്ഷമത, തദ്ദേശീയ രൂപകൽപന, വിതരണശൃംഖലയുടെ കരുത്ത്, വിദഗ്ധ തൊഴിലാളികളുടെ ലഭ്യത, ചെലവ് മത്സരക്ഷമത എന്നിവയിൽ ശ്രദ്ധ നൽകണമെന്ന് അദ്ദേഹം പറഞ്ഞു. നവീകരിച്ച സ്ലിപ്‌വേ-4ന്റെ നീളവും ഭാരവഹിക്കാനുള്ള ശേഷിയും വർധിപ്പിച്ചിട്ടുണ്ട്.
ഗൊലൈത്ത് ക്രെയിനിനൊപ്പം ഇത് ഉപയോഗിക്കുന്നതിലൂടെ 45,000 ഡെഡ്‌വെയ്റ്റ് ടൺ വരെ ഭാരമുള്ള കപ്പലുകൾ നിർമിച്ച് നീറ്റിലിറക്കാൻ സാധിക്കും. നാവികസേനക്കായി നിർമിക്കുന്ന അഞ്ച് കപ്പലുകളിൽ ആദ്യത്തേതാണ് 'സൂര്യ'. 43,500 ടൺ ഭാരമുള്ള ഈ കപ്പലുകൾ കടലിൽവെച്ച് യുദ്ധക്കപ്പലുകൾക്ക് ഇന്ധനവും മറ്റ് ആവശ്യസാധനങ്ങളും എത്തിക്കും. നാവികസേനാ മേധാവി അഡ്മിറൽ കൃഷ്ണ സ്വാമിനാഥൻ, പ്രതിരോധ ഉൽപാദന സെക്രട്ടറി സഞ്ജീവ് കുമാർ എന്നിവർ പങ്കെടുത്തു.
adff

