ഇന്ത്യൻ വനിതാ ക്രിക്കറ്റിൽ ഒരു യുഗത്തിന്റെ അവസാനം: ഹർമൻപ്രീത് കൗർ ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചു
ശാരിക
ന്യൂഡൽഹി: ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ ഏറ്റവും ദീർഘകാലം ക്യാപ്റ്റനായിരുന്ന ഹർമൻപ്രീത് കൗർ എല്ലാ ഫോർമാറ്റുകളിലെയും ക്യാപ്റ്റൻ സ്ഥാനം രാജിവെച്ചു. ഇന്ത്യൻ ടീമിനെ ഏകദിന ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് ഹർമൻപ്രീത്. ഇൻസ്റ്റഗ്രാമിലൂടെയാണ് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. എന്റെ ദൗത്യം കഴിഞ്ഞെന്നും ഇനി കളിയോടുള്ള ഇഷ്ടം കൊണ്ട് മാത്രം കളിക്കാൻ പോകുകയാണെന്നും താരം കുറിച്ചു.
ഗുവാഹത്തിയിൽ നടന്ന ബി.സി.സി.ഐ അവലോകന യോഗത്തിന് ശേഷമാണ് പ്രഖ്യാപനം വന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളിലെ പ്രകടനം വിലയിരുത്താനായുള്ള യോഗത്തിൽ ബി.സി.സി.ഐ സെക്രട്ടറി ദേവജിത് സൈകിയ, വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന, മുഖ്യ പരിശീലകൻ അമോൽ മുസുംദാർ എന്നിവർ പങ്കെടുത്തു. എല്ലാ ഫോർമാറ്റുകളിലും ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത് എളുപ്പമുള്ള തീരുമാനമല്ലെന്നും വർഷങ്ങളുടെ ഓർമകളും ത്യാഗങ്ങളും ഇതിലുണ്ടെന്നും ഹർമൻപ്രീത് പറഞ്ഞു.
ക്യാപ്റ്റൻസി അവസാനിച്ചാലും യാത്ര തുടരുമെന്നും സമാധാനത്തോടെയാണ് പടിയിറങ്ങുന്നതെന്നും കൂട്ടിച്ചേർത്തു. ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ടീം സ്വർണം നേടി തിരിച്ചെത്തി ദിവസങ്ങൾക്കുള്ളിലാണ് പ്രഖ്യാപനം. ഐച്ചി-നഗോയയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം സ്വർണമായിരുന്നു ഇത്. അതിന് രണ്ടാഴ്ച മുൻപ് ഹർമൻപ്രീതിന്റെ നേതൃത്വത്തിൽ ഇന്ത്യ റെക്കോർഡ് എട്ടാം തവണ ഏഷ്യാ കപ്പ് നേടിയിരുന്നു.
കഴിഞ്ഞ നവംബറിൽ സ്വന്തം മണ്ണിൽ നേടിയ ആദ്യ ഏകദിന ലോകകപ്പ് കിരീടമാണ് വലിയ നേട്ടം. 2013ൽ ഏകദിന ക്യാപ്റ്റനായ താരം 2016ൽ ടി20യുടെ നായകസ്ഥാനമേറ്റെടുക്കുകയും 2022ൽ എല്ലാ ഫോർമാറ്റിലും ടീമിനെ നയിച്ചുതുടങ്ങുകയും ചെയ്തു. ഈ വർഷത്തെ ട്വന്റി20 ലോകകപ്പിന്റെ സെമി ഫൈനലിൽ കടക്കാൻ സാധിക്കാതിരുന്നതും ബാറ്റിങ് പ്രകടനം മോശമായതും വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
asdasd

