ഷെയറിങ്ങ് അക്കോമൊഡേഷൻ: തടവും 5,000 ദിനാർ വരെ പിഴയും; വെള്ളവും വൈദ്യുതിയും വിച്ഛേദിക്കാൻ ഒരുങ്ങി ബഹ്റൈൻ പാർലിമെന്റ്


പ്രദീപ് പുറവങ്കര

മനാമ: രാജ്യത്ത് ഷെയറിങ്ങ് അക്കോമൊഡേഷൻ (പങ്കിട്ട് താമസിക്കുന്നത്) സംബന്ധിച്ചുള്ള നിയമങ്ങൾ ലംഘിക്കുന്നവർക്ക് ജയിൽ ശിക്ഷയും 5,000 ബഹ്‌റൈൻ ദിനാർ വരെ പിഴയും, കെട്ടിടങ്ങളിലെ വെള്ളവും വൈദ്യുതിയും വിച്ഛേദിക്കുന്നതും ഉൾപ്പെടെയുള്ള കർശന വ്യവസ്ഥകളുള്ള ബിൽ അടുത്ത ബഹ്റൈൻ പാർലമെന്റ് സമ്മേളനത്തിൽ ചർച്ചയ്ക്കും വോട്ടെടുപ്പിനുമായി എത്തും. 11 വകുപ്പുകളുള്ള ബില്ലിന് പൊതുസേവന-പരിസ്ഥിതി സമിതി ഏകകണ്ഠമായി അംഗീകാരം നൽകി.

നാലാം തലമുറയ്ക്ക് ഉള്ളിൽ കുടുംബബന്ധമില്ലാത്ത അഞ്ചിലധികം പേർ ഒരുമിച്ച് താമസിക്കുന്ന വീടുകൾക്കും വാടകയ്ക്ക് എടുത്ത് മറിച്ചു നൽകുന്ന കെട്ടിടങ്ങൾക്കും ബിൽ ബാധകമാകും. കുടുംബ താമസമേഖലകളിൽ തൊഴിലാളികളുടെ തിങ്ങിപ്പാർക്കൽ നിയന്ത്രിക്കാനും നിയമലംഘകർക്കെതിരെ നടപടിയെടുക്കാൻ മുനിസിപ്പൽ കൗൺസിലുകൾക്ക് അധികാരം നൽകാനുമാണ് ബിൽ ലക്ഷ്യമിടുന്നത്.

നിയമലംഘനം കണ്ടെത്തുന്ന കെട്ടിടങ്ങളിലെ വൈദ്യുതിയും വെള്ളവും വിച്ഛേദിക്കാൻ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റിയോട് (EWA) കൗൺസിലുകൾക്ക് ആവശ്യപ്പെടാം. സാധാരണഗതിയിൽ വീട്ടുടമകൾക്ക് മുന്നറിയിപ്പ് നൽകുകയും തെറ്റ് തിരുത്താൻ സമയം അനുവദിക്കുകയും ചെയ്യും. എന്നാൽ ജീവനോ സ്വത്തിനോ ഗുരുതര ഭീഷണിയുണ്ടാക്കുന്ന സാഹചര്യങ്ങളിൽ മുന്നറിയിപ്പില്ലാതെ സേവനങ്ങൾ വിച്ഛേദിക്കാം.

കുറ്റക്കാർക്ക് തടവ് ശിക്ഷയോ 500 മുതൽ 5,000 ദിനാർ വരെ പിഴയോ, അല്ലെങ്കിൽ രണ്ടും ഒരുമിച്ചോ ലഭിക്കാം. വീടുകൾ പങ്കിട്ട താമസത്തിന് നൽകുമ്പോൾ ഉടമകൾ പ്രാദേശിക കൗൺസിലിനെ അറിയിക്കുകയും ആരോഗ്യ, സുരക്ഷ, പരിസ്ഥിതി മാനദണ്ഡങ്ങൾ പാലിക്കുകയും വേണം. തൊഴിലാളികൾക്ക് താമസസൗകര്യം ഒരുക്കുന്ന തൊഴിലുടമകളും നിയമം പാലിക്കാൻ ബാധ്യസ്ഥരാണ്. ബഹ്‌റൈനിലെ നാല് ഗവർണറേറ്റുകളിലും തൊഴിലാളികളുടെ താമസസ്ഥലം നിശ്ചയിക്കാൻ നഗരാസൂത്രണ മന്ത്രാലയം കൗൺസിലുകളുമായി ചേർന്ന് പ്രവർത്തിക്കും. നിയമലംഘനങ്ങൾ പരിശോധിക്കാൻ കൗൺസിൽ ഉദ്യോഗസ്ഥർക്ക് രേഖകൾ ആവശ്യപ്പെടാനും റിപ്പോർട്ട് തയ്യാറാക്കാനും അധികാരമുണ്ടാകും.

എംപി മുഹമ്മദ് അൽ റിഫായി കൊണ്ടുവന്ന ബില്ലിൽ, കുടുംബ താമസമേഖലകളിൽ തൊഴിലാളികൾ കൂട്ടമായി താമസിക്കുന്നതും റെസിഡൻഷ്യൽ ഏരിയകളിലെ അനധികൃത കച്ചവടങ്ങളും പൂർണമായി നിരോധിക്കാനും കോടതി ഉത്തരവിന് ശേഷം ഒരാഴ്ചയ്ക്കുള്ളിൽ ഒഴിയാനും നേരത്തെ വ്യവസ്ഥയുണ്ടായിരുന്നു. എന്നാൽ നിരപരാധികളായ തൊഴിലാളികളെ ബാധിക്കുമെന്ന ആശങ്കയെ തുടർന്ന് സമ്പൂർണ്ണ നിരോധനവും ഒരാഴ്ചത്തെ ഒഴിപ്പിക്കൽ വ്യവസ്ഥയും ഒഴിവാക്കി ബിൽ പുതുക്കി എഴുതി.

വീട്ടുടമകളുടെ നിയമലംഘനത്തിന് വൈദ്യുതി വിച്ഛേദിക്കുന്നത് നിരപരാധികളായ വാടകക്കാരെ ശിക്ഷിക്കുന്നതിന് തുല്യമാകുമെന്ന് പാർലമെന്റ് നിയമോപദേശകൻ മുന്നറിയിപ്പ് നൽകി. ഒഴിപ്പിക്കപ്പെടുന്ന തൊഴിലാളികൾ എങ്ങോട്ട് പോകുമെന്നും വ്യാവസായിക മേഖലകളിൽ ആവശ്യത്തിന് സ്ഥലമുണ്ടാകുമോ എന്നും അദ്ദേഹം ചോദിച്ചു. നിലവിലുള്ള നിയമപ്രകാരം രജിസ്റ്റർ ചെയ്ത കെട്ടിടങ്ങളിൽ താമസിക്കുന്ന തൊഴിലാളികളുടെ നിയമപരമായ വാടക കരാറുകളെ പുതിയ നിയന്ത്രണങ്ങൾ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലവിലെ നിയമങ്ങൾ കൊണ്ട് കുടുംബ മേഖലകളിലെ തിരക്ക് തടയാൻ കഴിയാത്തതിനാലാണ് കർശന നിയമം ആവശ്യമെന്ന് അൽ റിഫായി രേഖാമൂലമുള്ള മറുപടിയിൽ വ്യക്തമാക്കി. തിരക്ക്, ശബ്ദമലിനീകരണം, പ്രാദേശിക സേവനങ്ങളിലെ സമ്മർദ്ദം എന്നിവ കുറയ്ക്കാൻ കടുത്ത ശിക്ഷ അനിവാര്യമാണ്. വാടകക്കാരുടെ ആശങ്കകൾ വ്യക്തമായ ചട്ടങ്ങളിലൂടെ പരിഹരിക്കാമെന്നും തൊഴിലാളികൾക്ക് മറ്റ് താമസസ്ഥലം കണ്ടെത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പുതിയൊരു നിയമത്തിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് മുനിസിപ്പാലിറ്റീസ് അഫയേഴ്‌സ് ആൻഡ് അഗ്രികൾച്ചർ മന്ത്രാലയം. നിലവിലുള്ള നിയമങ്ങൾ തന്നെ തൊഴിലാളികളുടെ താമസസ്ഥല വിഷയം ഉൾക്കൊള്ളുന്നുണ്ടെന്നും പ്രത്യേക നിയമം വന്നാൽ ഏത് ഏജൻസിക്കാണ് നടപ്പാക്കാനുള്ള ചുമതല എന്നതിൽ ആശയക്കുഴപ്പമുണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

article-image

xasasas

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed