ആഞ്ഞടിക്കാൻ അക്വാൻ ചുഴലിക്കാറ്റ്; 69 ട്രെയിനുകൾ റദ്ദാക്കി, ഒഡീഷയിൽ 3 ലക്ഷം പേർ ക്യാംപുകളിലേക്ക്
ഷീബ വിജയൻ
ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട അക്വാൻ തീവ്ര ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ കര തൊടുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് നർസാപൂരിനും പുരിക്കുമിടയിൽ വടക്കൻ ആന്ധ്രാപ്രദേശ് - യാനം, തെക്കൻ ഒഡീഷ തീരങ്ങളിലൂടെയാണ് കരയിലേക്ക് പ്രവേശിക്കുക. ഈ സമയത്ത് കാറ്റിന്റെ വേഗത മണിക്കൂറിൽ 90 മുതൽ 110 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. ചുഴലിക്കാറ്റ് കണക്കിലെടുത്ത് 69 ട്രെയിനുകൾ ഇതിനോടകം റദ്ദാക്കിയിട്ടുണ്ട്.
24 ദിവസത്തിനിടെ സംസ്ഥാനത്തിന് ഭീഷണിയാകുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണിത്. ആദ്യം ആന്ധ്രാപ്രദേശ് തീരത്ത് കരതൊടുമെന്ന് പ്രവചിക്കപ്പെട്ടിരുന്ന കാറ്റ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗതി മാറുകയായിരുന്നു. അപകടസാധ്യതയുള്ള ജില്ലകളിലായി ഒഡീഷ സർക്കാർ 9,341 ദുരിതാശ്വാസ കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. 2,98,676 ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിച്ച് 2,523 ക്യാംപുകളിലേക്ക് മാറ്റിയതായി സ്പെഷ്യൽ റിലീഫ് കമ്മീഷണർ രാജേഷ് പി. പാട്ടീൽ അറിയിച്ചു. തെക്കൻ ആന്ധ്രാപ്രദേശിൽ മണിക്കൂറിൽ 90-100 കിലോമീറ്റർ വേഗതയിലും ഒഡീഷയിൽ 70-80 കിലോമീറ്റർ വേഗതയിലും കാറ്റ് വീശാൻ സാധ്യതയുണ്ടെന്ന് ഐഎംഡി ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മൊഹപത്ര വ്യക്തമാക്കി. വടക്കോട്ട് നീങ്ങുന്നതിനനുസരിച്ച് കാറ്റിന്റെ ശക്തി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഒഡീഷ തീരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ആറു ജില്ലകളിൽ നവംബർ 21 വരെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകുകയും ചെയ്തിട്ടുണ്ട്. കനത്ത മഴയും കാറ്റും നേരിടാൻ എല്ലാ വകുപ്പുകളും സജ്ജമാണെന്ന് മുഖ്യമന്ത്രി മോഹൻ ചരണ്‍ മാജി അറിയിച്ചു. കടൽ പ്രക്ഷുബ്ധമായതോടെ കാക്കിനാഡയിൽ നിന്നുള്ള 80 മത്സ്യത്തൊഴിലാളികളും പത്ത് ബോട്ടുകളും ഒഡീഷയിലെ ആര്യപ്പള്ളി മത്സ്യബന്ധന കേന്ദ്രത്തിൽ അഭയം തേടി. ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി ഝാർഖണ്ഡിലും പശ്ചിമ ബംഗാളിലും അടുത്ത ദിവസങ്ങളിൽ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
ewffsfdfds


