ഇസ്രായേലിൽ നിർണായക രാഷ്ട്രീയ നീക്കം; നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയെ സഖ്യചർച്ചയ്ക്ക് ക്ഷണിച്ച് പ്രതിപക്ഷം
ഷീബ വിജയൻ
ജറുസലേം: ഇസ്രായേലിൽ പുതിയ സർക്കാർ രൂപീകരിക്കാൻ നിയോഗിക്കപ്പെട്ട പ്രതിപക്ഷ നേതാവ് ഗാഡി ഐസൻകോട്ട്, കാവൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയെ സഖ്യചർച്ചകൾക്ക് ക്ഷണിച്ചു. സാധ്യമായ ഏറ്റവും വിശാലമായ സർക്കാർ രൂപീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഞായറാഴ്ച മുതൽ മാരത്തൺ ചർച്ചകൾ നടത്തുമെന്ന് ഐസൻകോട്ടിന്റെ 'യാഷർ' പാർട്ടി ശനിയാഴ്ച അറിയിച്ചു. ഒക്ടോബറിലെ തെരഞ്ഞെടുപ്പിൽ ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനാൽ, സർക്കാർ രൂപീകരിക്കാൻ ഐസൻകോട്ടിന് അടുത്ത മാസം വരെയാണ് സമയപരിധിയുള്ളത്.
ആരുമായി സഖ്യമുണ്ടാക്കണമെന്ന കാര്യത്തിൽ ഐസൻകോട്ടിന്റെ മുന്നണിയിൽ ഭിന്നത രൂക്ഷമാണ്. നെതന്യാഹുവിന്റെ മുന്നണിയുമായി ചേരില്ലെന്നും ഐസൻകോട്ടിന്റെ നേതൃത്വത്തിൽ 'സയണിസ്റ്റ് ഐക്യ സർക്കാർ' വേണമെന്നും മുൻ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് വ്യക്തമാക്കി. ലിക്കുഡ് അംഗങ്ങളുമായി സഹകരിക്കാമെങ്കിലും നെതന്യാഹു നയിക്കുന്ന സർക്കാരിന്റെ ഭാഗമാകില്ലെന്നായിരുന്നു ഐസൻകോട്ടിന്റെയും മുൻ നിലപാട്.
അതേസമയം, സഖ്യചർച്ചകൾക്കായി ലിക്കുഡ് പാർട്ടി കർശന ഉപാധികൾ മുന്നോട്ടുവച്ചു. നെതന്യാഹുവിനെതിരായ വ്യക്തിഹത്യകളും ബഹിഷ്കരണങ്ങളും അവസാനിപ്പിക്കണമെന്നും, ഇസ്രായേലിനെ ജൂത രാഷ്ട്രമായി അംഗീകരിക്കുന്നവരെ മാത്രം ഉൾപ്പെടുത്തി അറബ് പാർട്ടികളെ പൂർണമായും ഒഴിവാക്കണമെന്നും ലിക്കുഡ് ആവശ്യപ്പെട്ടു. 2023 ഒക്ടോബർ 7-ലെ ആക്രമണത്തിന് ശേഷം ഹമാസിനെ 'ഭീകരസംഘടന' എന്ന് വിളിക്കാൻ അറബ് പാർട്ടി നേതാക്കൾ വിസമ്മതിച്ചതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഫലസ്തീൻ രാഷ്ട്ര രൂപീകരണം തള്ളിക്കളയുക, സിറിയ, ലെബനൻ, ഗസ്സ എന്നിവിടങ്ങളിലെ സുരക്ഷാ മേഖലകൾ നിലനിർത്തുക, തീവ്ര ഓർത്തഡോക്സ് വിഭാഗത്തിന്റെ സൈനിക സേവന വിഷയത്തിൽ സമവായമുണ്ടാക്കുക എന്നിവയാണ് മറ്റ് നിബന്ധനകൾ. വിശാലമായ സർക്കാർ രൂപീകരണം പരാജയപ്പെട്ടാൽ, പാർലമെന്റിൽ വോട്ടെടുപ്പിനായി ന്യൂനപക്ഷ ദേശീയ അടിയന്തര സർക്കാർ രൂപീകരിക്കാൻ തയ്യാറാണെന്ന് ഐസൻകോട്ട് വ്യക്തമാക്കിയിട്ടുണ്ട്.
cvvccvcx


