ഇറാന്റെ തുടർച്ചയായ ആക്രമണങ്ങൾ: യുഎൻ രക്ഷാസമിതിയിൽ പരാതിയുമായി ബഹ്‌റൈൻ


പ്രദീപ് പുറവങ്കര

മനാമ: രാജ്യത്തിന് നേരെ ഇറാൻ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ ചൂണ്ടിക്കാട്ടി ബഹ്‌റൈൻ ഐക്യരാഷ്ട്രസഭയിൽ ഔദ്യോഗികമായി പരാതി നൽകി. നവംബർ 17, 18 തീയതികളിലുണ്ടായ പുതിയ ആക്രമണങ്ങൾ സംബന്ധിച്ച് യുഎൻ സെക്രട്ടറി ജനറലിനും രക്ഷാസമിതി അധ്യക്ഷനും ബഹ്‌റൈന്റെ സ്ഥിരം ദൗത്യസംഘം നവംബർ 19-ന് സമാനമായ രണ്ട് കത്തുകൾ കൈമാറി.

അടിയന്തരവും നിരുപാധികവുമായ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന രക്ഷാസമിതി പ്രമേയം 2817 (2026) നിലനിൽക്കെയാണ് ഇറാന്റെ ഭാഗത്തുനിന്ന് പ്രകോപനം തുടരുന്നതെന്ന് കത്തിൽ വ്യക്തമാക്കുന്നു. നവംബർ 13, 15 തീയതികളിലെ ആക്രമണങ്ങൾക്ക് പിന്നാലെയാണ് വീണ്ടും ആക്രമണമുണ്ടായത്. നവംബർ 16-ലെ കത്തിന് തുടർച്ചയായി ഈ പുതിയ കത്തുകളും രക്ഷാസമിതിയുടെ ഔദ്യോഗിക രേഖയായി വിതരണം ചെയ്തിട്ടുണ്ട്.

ലക്ഷ്യസ്ഥാനങ്ങളിൽ എത്തുന്നതിന് മുൻപ് തന്നെ നിരവധി ഇറാനിയൻ വ്യോമാക്രമണങ്ങളെ വ്യോമപ്രതിരോധ സംവിധാനങ്ങൾ തകർത്തതായി ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് ജനറൽ കമാൻഡ് അറിയിച്ചു. ആക്രമണ പശ്ചാത്തലത്തിൽ പൗരന്മാരോടും താമസക്കാരോടും അടുത്തുള്ള സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനുള്ള നിർദേശവും ആഭ്യന്തര മന്ത്രാലയം നൽകുന്നുണ്ട്. ഇറാന്റെ നടപടി തങ്ങളുടെ പരമാധികാരത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റവും പ്രാദേശിക സുസ്ഥിരതയ്ക്ക് ഭീഷണിയുമാണെന്ന് ബഹ്‌റൈൻ അപലപിച്ചു.

അതിനിടെ, അമേരിക്കൻ എഫ്-16 യുദ്ധവിമാനത്തിന് കേടുപാടുകൾ വരുത്തുകയും അടിയന്തര ലാൻഡിംഗിന് നിർബന്ധിതമാക്കുകയും ചെയ്തുവെന്ന ഇറാൻ റെവല്യൂഷണറി ഗാർഡിന്റെ അവകാശവാദം യുഎസ് സെൻട്രൽ കമാൻഡ് തള്ളി. പശ്ചിമേഷ്യയിലുള്ള എല്ലാ അമേരിക്കൻ യുദ്ധവിമാനങ്ങളും സുരക്ഷിതമാണെന്ന് സെന്റ്കോം വ്യക്തമാക്കി.

article-image

cvvdd

You might also like

  • Bharth Cargo
  • Lulu Exchange
  • Straight Forward

Most Viewed