ഏഷ്യൻ ഗെയിംസ് സമാപിച്ചു; 11 സ്വർണ്ണവുമായി അറബ് രാജ്യങ്ങളിൽ ഒന്നാമതായി ബഹ്‌റൈൻ
പ്രദീപ് പുറവങ്കര
മനാമ / നഗോയ: ജപ്പാനിലെ നഗോയയിൽ 16 ദിവസങ്ങളിലായി നടന്ന 20-ാമത് ഏഷ്യൻ ഗെയിംസിന് വർണ്ണാഭമായ സമാപനം. 11 സ്വർണ്ണവും അഞ്ച് വെള്ളിയും ആറ് വെങ്കലവുമടക്കം 22 മെഡലുകൾ നേടി ബഹ്‌റൈൻ മെഡൽ പട്ടികയിൽ പത്താം സ്ഥാനത്തെത്തി മികച്ച നേട്ടത്തോടെ യാത്രയയപ്പ് കുറിച്ചു. അറബ് രാജ്യങ്ങളുടെ പട്ടികയിൽ ഏറ്റവും ഉയർന്ന സ്ഥാനമാണ് ബഹ്‌റൈൻ സ്വന്തമാക്കിയത്. 169 സ്വർണ്ണമടക്കം 341 മെഡലുകളോടെ ചൈന ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ, ആതിഥേയരായ ജപ്പാൻ രണ്ടാം സ്ഥാനത്തും ദക്ഷിണ കൊറിയ മൂന്നാം സ്ഥാനത്തുമെത്തി.
ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ബഹ്‌റൈന്റെ മൂന്നാമത്തെ മികച്ച മെഡൽ വേട്ടയാണിത്. വനിതകളുടെ 5,000 മീറ്റർ, 10,000 മീറ്റർ, 3,000 മീറ്റർ സ്റ്റീപ്പിൾചേസ് എന്നിവയിൽ തങ്കത്തിളക്കത്തോടെ ചരിത്രപരമായ ട്രെബിൾ തികച്ച വിൻഫ്രെഡ് യാവിയാണ് ബഹ്‌റൈൻ മുന്നേറ്റത്തിന് നേതൃത്വം നൽകിയത്. പുരുഷന്മാരുടെ 5,000, 10,000 മീറ്ററുകളിൽ ബിർഹാനു ബാലെ ഇരട്ട സ്വർണ്ണം നേടി. സൽവ ഈദ് നാസർ, നെല്ലി കോറിർ, ശിതായെ ഹബ്‌തെ എന്നിവരും അത്‌ലറ്റിക്സിൽ ബഹ്‌റൈന്റെ ചാമ്പ്യന്മാരായി.
അത്‌ലറ്റിക്‌സിന് പുറമെ, പുരുഷന്മാരുടെ 50 മീറ്റർ ബട്ടർഫ്ലൈയിൽ ഏഷ്യൻ റെക്കോർഡോടെ സ്വർണ്ണം നേടിയ മിഖായേൽ അർഖാംഗൽസ്കിയും, ചരിത്രത്തിലാദ്യമായി ഏഷ്യൻ ഗെയിംസ് സ്വർണ്ണം കൈക്കലാക്കിയ ബഹ്‌റൈൻ ഹാൻഡ്‌ബോൾ ടീമും രാജ്യത്തിന് അഭിമാന നിമിഷങ്ങൾ സമ്മാനിച്ചു. പലോമ മിസുഹോ സ്റ്റേഡിയത്തിൽ നടന്ന സമാപന ചടങ്ങിൽ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (OCA) പ്രസിഡന്റ് ഷെയ്ഖ് ജൊആൻ ബിൻ ഹമദ് അൽ തിയാനി ഗെയിംസിന്റെ സമാപനം പ്രഖ്യാപിച്ചു. 2030-ൽ അടുത്ത ഏഷ്യൻ ഗെയിംസിന് വേദിയാകുന്ന ഖത്തറിനായി ഒളിമ്പിക് ചാമ്പ്യൻ മുതാസ് ഈസ ബർഷിം കൊടി ഏറ്റുവാങ്ങി.
adsdsdsaas

