'ഭാരതമാതാവിനെ വിറ്റു, പ്രധാനമന്ത്രിയുടെ കണ്ണിൽ ഭയം'; വ്യാപാര കരാറിൽ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി


ശാരിക I ദേശീയം

ന്യൂഡൽഹി: പുതിയ ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ പേരിൽ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വ്യാപാര കരാറിന്റെ മറവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയെ അമേരിക്കയ്ക്ക് വിറ്റുവെന്നും ഭാരതമാതാവിനെ വിൽക്കാൻ ലജ്ജയില്ലേ എന്നും അദ്ദേഹം പാർലമെന്റിൽ ചോദിച്ചു. ബജറ്റ് ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അമേരിക്കയുടെ മുന്നിൽ പ്രധാനമന്ത്രി പൂർണ്ണമായും കീഴടങ്ങിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. വിവാദമായ എപ്സ്റ്റീൻ ഫയലിൽ കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരിയുടെയും പ്രമുഖ വ്യവസായി അനിൽ അംബാനിയുടെയും പേരുകളുണ്ടെന്നും ഇനിയും മുപ്പത് ലക്ഷത്തോളം ഫയലുകൾ പുറത്തുവരാനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എപ്സ്റ്റീൻ ഫയലിലെ വെളിപ്പെടുത്തലുകളും വ്യവസായി അദാനിക്കെതിരെ അമേരിക്കയിലുള്ള കേസുകളുമാണ് പ്രധാനമന്ത്രിയെ സമ്മർദ്ദത്തിലാക്കുന്നത്. ഈ ഭയമാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നിൽ കീഴടങ്ങാൻ മോദിയെ പ്രേരിപ്പിച്ചത്. പ്രധാനമന്ത്രിയുടെ കണ്ണുകളിൽ ആ ഭയം പ്രകടമാണെന്നും രാഹുൽ പരിഹസിച്ചു.

അമേരിക്ക സ്വന്തം കർഷകരെ സംരക്ഷിക്കുമ്പോൾ, ഇന്ത്യൻ കർഷകരെ ബലികൊടുക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിച്ചതെന്ന് രാഹുൽ പറഞ്ഞു. കരാർ പ്രകാരം അമേരിക്കയിൽ നിന്നുള്ള കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തീരുവ കുറച്ചു. എന്നാൽ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതിക്ക് അമേരിക്ക 18 ശതമാനം തീരുവ ഏർപ്പെടുത്തി. ഇത് തുല്യതയില്ലാത്ത കരാറാണെന്നും ഇന്ത്യയിലെ കർഷകരെ ഇത് വലിയ തകർച്ചയിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ സഖ്യമായിരുന്നു കരാർ ചർച്ച ചെയ്തിരുന്നതെങ്കിൽ കർഷകരുടെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടുമായിരുന്നുവെന്നും അദ്ദേഹം അവകാശപ്പെട്ടു.

സാമ്പത്തികവും ഊർജ്ജവും ആയുധങ്ങളാക്കപ്പെടുന്ന കാലഘട്ടത്തിൽ ഇന്ത്യയുടെ ഊർജ്ജ സുരക്ഷ അമേരിക്കയ്ക്ക് വിറ്റുതുലച്ചുവെന്ന് രാഹുൽ കുറ്റപ്പെടുത്തി. ലോകശക്തിയായി തുടരാൻ അമേരിക്കയ്ക്ക് ആവശ്യമുള്ള ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ ഡാറ്റ കൈമാറുന്നതിനും ചെറുകിട-ഇടത്തരം ബിസിനസ് മേഖലകളെ വിദേശികൾക്ക് വിട്ടുകൊടുക്കുന്നതിനും ഈ കരാർ വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഭരണപക്ഷ എംപിമാരും സഭ നിയന്ത്രിച്ചിരുന്ന ജഗദാംബിക പാലും പ്രസംഗത്തിന് തടസ്സവാദങ്ങൾ ഉന്നയിച്ചെങ്കിലും അതൊന്നും വകവെക്കാതെ രൂക്ഷമായ ഭാഷയിൽ തന്നെ രാഹുൽ പ്രസംഗം പൂർത്തിയാക്കി. പ്രതിപക്ഷ എംപിമാരുടെ വൻ കരംഘോഷത്തോടെയാണ് സഭയിൽ രാഹുലിന്റെ വാക്കുകൾ സ്വീകരിക്കപ്പെട്ടത്.

article-image

aa

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed