സഹപ്രവർത്തകയോട് അപമര്യാദയായി പെരുമാറി; കർണാടക ഡിജിപിയെ സസ്‌പെൻഡ് ചെയ്തു
ബംഗളൂരു:
സഹപ്രവർത്തകയോട് ഓഫീസിനുള്ളിൽ വെച്ച് അപമര്യാദയായി പെരുമാറുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ കർണാടക ഡിജിപി (സിവിൽ റൈറ്റ്‌സ് എൻഫോഴ്‌സ്‌മെന്റ്) കെ. രാമചന്ദ്ര റാവുവിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. ഓഫീസിലെത്തിയ ഉദ്യോഗസ്ഥയെ ചുംബിക്കുന്നതിന്റെയും ആലിംഗനം ചെയ്യുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സിദ്ധരാമയ്യ സർക്കാർ കർശന നടപടി സ്വീകരിച്ചത്.
വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് 1993 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ രാമചന്ദ്ര റാവുവിന് ഈ നാണക്കേട് നേരിടേണ്ടി വന്നത്. ഓഫീസിനുള്ളിലെ ഒളികാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തായത്. ഏകദേശം എട്ടു വർഷം മുൻപ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നതെന്നാണ് സൂചനകൾ. ദൃശ്യങ്ങൾ വിവാദമായതോടെ വിശദീകരണം നൽകാൻ ഇയാൾ ആഭ്യന്തര മന്ത്രി ജി. പരമേശ്വരയുടെ വസതിയിലെത്തിയെങ്കിലും കാണാൻ മന്ത്രി തയ്യാറായില്ല.
നേരത്തെയും വിവാദങ്ങളിൽ പെട്ടിട്ടുള്ള ഉദ്യോഗസ്ഥനാണ് രാമചന്ദ്ര റാവു. 2025-ൽ ഇദ്ദേഹത്തിന്റെ വളർത്തുമകൾ സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായപ്പോൾ, അവരെ സഹായിച്ചുവെന്ന ആരോപണത്തെത്തുടർന്ന് സർക്കാർ ഇദ്ദേഹത്തോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിരുന്നു. അവധി കഴിഞ്ഞ് തിരിച്ചെത്തി അധികകാലം തികയുന്നതിന് മുൻപാണ് പുതിയ വിവാദം ഇദ്ദേഹത്തെ കുടുക്കിയത്.
aaa


