മിസൈൽ, ഡ്രോൺ അവശിഷ്ടങ്ങൾ കണ്ടാൽ ജാഗ്രത പാലിക്കണം: ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: മേഖലയിലെ നിലവിലെ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ, മിസൈലുകളുടെയോ ഡ്രോണുകളുടെയോ അവശിഷ്ടങ്ങൾ കാണപ്പെടുകയാണെങ്കിൽ പൗരന്മാരും താമസക്കാരും കർശനമായ സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. ഇത്തരം വസ്തുക്കൾ കണ്ടെത്തുന്ന പക്ഷം യാതൊരു കാരണവശാലും അവയുടെ അടുത്തേക്ക് പോകാനോ സ്പർശിക്കാനോ പാടുള്ളതല്ല.
അപകടകരമായ രാസവസ്തുക്കളോ സ്ഫോടക വസ്തുക്കളോ ഇവയിൽ അടങ്ങിയിരിക്കാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തി ഇത്തരം സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഇത്തരം അവശിഷ്ടങ്ങളുടെ ചിത്രങ്ങൾ പകർത്തുന്നതോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതോ ഒഴിവാക്കണം. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
ഇത്തരത്തിലുള്ള എന്തെങ്കിലും വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ എമർജൻസി ഹോട്ട്‌ലൈൻ നമ്പറായ 999-ൽ വിളിച്ച് വിവരം അറിയിക്കേണ്ടതാണ്. ബന്ധപ്പെട്ട അധികൃതർക്ക് കൃത്യസമയത്ത് നടപടികൾ സ്വീകരിക്കാൻ ഇത് സഹായകമാകും. അധികൃതരുമായി സഹകരിക്കുകയും വിവരങ്ങൾ ഉടനടി റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നത് പൊതുസുരക്ഷ വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
sddsdss


