സഞ്ചാർ സാഥി ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്യേണ്ടതില്ല; നിലപാട് മാറ്റി കേന്ദ്രം
ഷീബ വിജയ൯
ന്യൂഡൽഹി: സഞ്ചാർ സാഥി ആപ്പ് പ്രീ ഇൻസ്റ്റാൾ ചെയ്യേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ നിലപാട് മാറ്റി. ആപ്പിന് ജനങ്ങൾക്കിടയിൽ സ്വീകാര്യത കൂടി വരുന്നത് പരിഗണിച്ചാണ് തീരുമാനമെന്ന് സർക്കാർ അറിയിച്ചു. എന്നാല്‍, മൊബൈൽ കമ്പനികളിൽ നിന്നടക്കം കടുത്ത എതിർപ്പ് ഉയർന്ന പശ്ചാത്തലത്തിലാണ് ഈ പിന്മാറ്റം. പുതിയ ഫോണുകളിൽ സഞ്ചാർ സാഥി നിർബന്ധമാക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചാൽ സഹകരിക്കില്ലെന്ന് ആപ്പിൾ വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഐഒഎസ് ഇക്കോസിസ്റ്റത്തിന്‍റെ സുരക്ഷയെ ബാധിക്കുമെന്നതാണ് ആപ്പിളിന്‍റെ നിലപാട്.
കടുത്ത് എതിർപ്പ് ഉയർന്നതിന് പിന്നാലെ നേരത്തെ തന്നെ കേന്ദ്ര സർക്കാർ നിലപാട് മയപ്പെടുത്തിയിരുന്നു. ഉപയോക്താക്കൾക്ക് താൽപ്പര്യമില്ലെങ്കിൽ ആപ്ലിക്കേഷൻ ഡിലീറ്റ് ചെയ്യാൻ സ്വാതന്ത്ര്യമുണ്ടെന്ന് വിവാദങ്ങൾക്ക് പിന്നാലെ കേന്ദ്രം വ്യക്തമാക്കി. ആശയവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ആപ്പ് വഴി രഹസ്യമായി വിവരങ്ങൾ ചോർത്താനോ കോൾ നിരീക്ഷിക്കാനോ യാതൊരു സാധ്യതയുമില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. സൈബർ തട്ടിപ്പുകളിൽ നിന്ന് ഉപയോക്താക്കളെ സംരക്ഷിക്കാനാണ് ആപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
GHGHGG
