ആപ്പ് വേണ്ടെങ്കിൽ ഉപഭോക്താക്കൾക്ക് ഡിലീറ്റ് ചെയ്യാം, നിർബന്ധമില്ല; സഞ്ചാർ സാഥി ആപ്പ് വിവാദത്തിൽ കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ
ഷീബ വിജയ൯
ന്യൂഡൽഹി: ‘സഞ്ചാർ സാഥി’ സൈബർ സുരക്ഷാ ആപ്ലിക്കേഷൻ രാജ്യത്തെ പൗരന്മാരെ നിരീക്ഷിക്കാനുള്ള പുതിയ തന്ത്രമാണെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണങ്ങൾക്കിടെ വിശദീകരണവുമായി കേന്ദ്ര ടെലികമ്യൂണിക്കേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ആപ്പ് വേണ്ടെങ്കിൽ ഉപഭോക്താക്കൾക്ക് ഡിലീറ്റ് ചെയ്യാനാകുമെന്നും നിർബന്ധമില്ലെന്നും സൈബർ സുരക്ഷ മുൻനിർത്തിയാണ് നിർദേശമെന്നും മന്ത്രി പറഞ്ഞു. "നിങ്ങൾക്ക് സഞ്ചാർ സാഥി വേണ്ടെങ്കിൽ ഡിലീറ്റ് ചെയ്യാൻ സാധിക്കും. നിർബന്ധമില്ല... ഈ ആപ്പ് പുറത്തിറക്കേണ്ടത് നമ്മുടെ കടമയാണ്. ഉപഭോക്താക്കളുടെ ഫോണുകളിൽ ഉപയോഗിക്കണോ, വേണ്ടയോ എന്നത് അവരുടെ ഇഷ്ടമാണ്" -ജ്യോതിരാദിത്യ പാർലമെൻ്റിനു മുന്നിൽ മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യത്ത് പുതുതായി നിർമിക്കുന്ന ഫോണുകളിലും വിപണിയിലെത്തിച്ച സ്മാർട്ട് ഫോണുകളിലും 'സഞ്ചാർ സാഥി' ആപ്ലിക്കേഷൻ ഉണ്ടായിരിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശത്തിനെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തുവന്നിരുന്നു. കേന്ദ്ര നീക്കം പൗരന്മാരെ നിരീക്ഷിക്കാനുള്ള തന്ത്രമാണെന്നും നിർദേശം ഉടൻ പിൻവലിക്കണമെന്നുമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടത്. സൈബർ-ഫോൺ തട്ടിപ്പുകൾ തടയാനുള്ളതാണ് ഈ ആപ്പ്. നഷ്ടപ്പെട്ട 37.28 ലക്ഷം ഫോണുകളുടെ ഉപയോഗം തടയാനും 22.76 ലക്ഷം ഫോൺ വീണ്ടെടുക്കാനും ജനുവരിയിൽ ആരംഭിച്ച ഈ ആപ് വഴി കഴിഞ്ഞിട്ടുണ്ടെന്നാണ് സർക്കാർ കണക്ക്.
dsfdsdsdsa
