ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: ക്രോസ് വോട്ടിങ്ങിനെക്കുറിച്ച് ഇൻഡ്യാ മുന്നണി അന്വേഷിക്കണമെന്ന് മനീഷ് തിവാരി


ഷീബ വിജയൻ

ന്യൂഡൽഹി I ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ നിരവധി പ്രതിപക്ഷ എം.പിമാർ ക്രോസ് വോട്ടിങ് നടത്തിയത് അങ്ങേയറ്റം ഗുരുതരമായ കാര്യമാണെന്ന് കോൺഗ്രസ് എം.പി മനീഷ് തിവാരി. വിഷയത്തിൽ അദ്ദേഹം ഇൻഡ്യാ മുന്നണിയോട് അന്വേഷണം ആവശ്യപ്പെട്ടു. ഇൻഡ്യ സഖ്യത്തിലെ വിള്ളലിനെ പരിഹസിച്ചുകൊണ്ട് ബി.ജെ.പി രംഗത്തെത്തിയതിന്റെ പശ്ചാത്തലത്തിലാണിത്. ചൊവ്വാഴ്ചത്തെ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ സ്ഥാനാർഥി സി.പി. രാധാകൃഷ്ണൻ തന്റെ മാനേജർമാർ തിട്ടപ്പെടുത്തിയ ഔദ്യോഗിക കണക്കുകളേക്കാൾ ഒരു ഡസനിലധികം വോട്ടുകൾ അധികമായി നേടി. നിരവധി ഇൻഡ്യാ എം.പിമാർ ക്രോസ് വോട്ടിങ് നടത്തിയെന്ന അവകാശവാദങ്ങളെ ഇത് ശരിവെച്ചു. എൻ.ഡി.എക്ക് 427 വോട്ടുകൾ ഉണ്ടായിരുന്നു. വൈ.എസ്.ആർ കോൺഗ്രസ് പാർട്ടിയുടെ 11 വോട്ടുകളുടെ പിന്തുണയും കൂടെ ചേർത്ത് അവരുടെ വോട്ടുകൾ 438 ആയി കണക്കാക്കി. എന്നിട്ടും രാധാകൃഷ്ണന് 452 വോട്ടുകൾ ലഭിച്ചു.

പ്രതിപക്ഷ സ്ഥാനാർത്ഥിയായ മുൻ സുപ്രീംകോടതി ജഡ്ജി ബി. സുദർശൻ റെഡ്ഢി 300 ഒന്നാം മുൻഗണന വോട്ടുകൾ നേടി. ഇത് ഇൻഡ്യാ മുന്നണിയുടെ ഔദ്യോഗിക കണക്കുകളേക്കാൾ 15 എണ്ണം കുറവാണ്. ‘ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എ.ഡി.‌എ സ്ഥാനാർഥി സി.‌പി രാധാകൃഷ്ണന് ‘മനസ്സാക്ഷി’ ഉപയോഗിച്ച് വോട്ട് ചെയ്ത ഇൻഡ്യാ സഖ്യത്തിലെ ചില എം.പിമാർക്ക് പ്രത്യേക നന്ദി’- പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പ്രതിപക്ഷത്തെ കളിയാക്കിക്കൊണ്ട് എക്സിൽ പോസ്റ്റ് ചെയ്തു. 11 വൈ.‌എസ്‌.ആർ.‌സി.‌പി എം.പിമാരെയും പ്രതിപക്ഷ ബെഞ്ചുകളിൽ നിന്നുള്ള ക്രോസ്-വോട്ടർമാരെയും കുറിച്ചുള്ള വ്യക്തമായ പരാമർശമാണ് ഇത്. ഈ സാഹചര്യത്തിലാണ് പാർട്ടി നേതൃത്വവുമായുള്ള തന്റെ സുദൃഢ ബന്ധത്തിന് പേരുകേട്ട കോൺഗ്രസ് എം.പി തിവാരി ക്രോസ് വോട്ടിങ്ങിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടത്. ‘ക്രോസ് വോട്ടിങ് നടന്നിട്ടുണ്ടെങ്കിൽ, ഇൻഡ്യാ ബ്ലോക്കിലെ ഓരോ ഘടകകക്ഷിയും അത് ഗൗരവമായി അന്വേഷിക്കണം. ക്രോസ് വോട്ടിങ് വളരെ ഗുരുതരമായ കാര്യമാണ്’ ചണ്ഡീഗഡിൽ നിന്നുള്ള ലോക്‌സഭാംഗമായ തിവാരി മാധ്യമപ്രവർത്തകരോട് പറഞ്ഞു.

article-image

ASDADSDSA

You might also like

Most Viewed