എത്തനോൾ കലർന്ന പെട്രോൾ രാജ്യവ്യാപകമാക്കുന്നതിനെതിരായ ഹരജി സുപ്രീംകോടതി തള്ളി

ഷീബ വിജയൻ
ന്യൂഡൽഹി I 20ശതമാനം എത്തനോൾ കലർന്ന പെട്രോൾ (EBP-20) രാജ്യവ്യാപകമായി നടപ്പിലാക്കുന്നതിനെ ചോദ്യം ചെയ്ത് സമർപിച്ച പൊതുതാൽപര്യ ഹരജി സുപ്രീംകോടതി തള്ളി. ദശലക്ഷക്കണക്കിന് വാഹനമോടിക്കുന്നവർ അവരുടെ വാഹനങ്ങൾക്കായി രൂപകൽപന ചെയ്തിട്ടില്ലാത്ത ഇന്ധനം ഉപയോഗിക്കാൻ നിർബന്ധിതരാവുമെന്ന് ആരോപിച്ചായിരുന്നു ഹരജി സമർപിച്ചത്. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായി, ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് ഈ വിഷയം പരിഗണിച്ചു. 2023 ഏപ്രിലിനു മുമ്പ് നിർമിച്ച വാഹനങ്ങൾ ഇ20 ഇന്ധനവുമായി പൊരുത്തപ്പെടുന്നില്ലെന്ന് ഹരജിക്കാരന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഷാദൻ ഫറാസത്ത് വാദിച്ചു. 2021ലെ നീതി ആയോഗ് റിപ്പോർട്ട് ഉദ്ധരിച്ച് പഴയ വാഹനങ്ങൾ ഉയർത്തുന്ന പാരിസ്ഥികാഘാതം, 6 ശതമാനം വരെ ഇന്ധനക്ഷമത നഷ്ടം, എത്തനോൾ രഹിത ‘ഇ0’ പെട്രോൾ ലഭ്യതക്കുള്ള ഓപ്ഷൻ ഇല്ലാത്തത് എന്നിവയെക്കുറിച്ച് വിദഗ്ധർ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
എന്നാൽ, അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി ഹരജിയെ എതിർത്തു. ഹരജിക്കാരനുമേൽ ശക്തമായ ഒരു ലോബിയുടെ സാന്നിധ്യം ആരോപിക്കുകയും ചെയ്തു. കരിമ്പ് കർഷകർക്ക് ഇത് ഗുണം ചെയ്യുമെന്നും വിദേശനാണ്യം വർധിപ്പിക്കുമെന്നും ഊന്നിപ്പറഞ്ഞുകൊണ്ട് അദ്ദേഹം നയത്തെ ന്യായീകരിച്ചു. രാജ്യത്തിന് പുറത്തുള്ള ആളുകൾ ഇന്ത്യ ഏതു തരം ഇന്ധനമാണ് ഉപയോഗിക്കേണ്ടതെന്ന് നിർദേശിക്കുമോ എന്നും എ.ജി അഭിപ്രായപ്പെട്ടു. ഹരജിക്കാരൻ എത്തനോൾ മിശ്രിതത്തെ എതിർക്കുന്നില്ലെന്നും പഴയ വാഹനങ്ങൾക്ക് ‘ഇ0’ പെട്രോളിന്റെ തുടർച്ചയായ ലഭ്യത മാത്രമാണ് ആവശ്യപ്പെട്ടതെന്നും ഫറാസത്ത് വ്യക്തമാക്കി. 2023 ഏപ്രിലിനുശേഷം നിർമിക്കുന്ന വാഹനങ്ങൾക്കു മാത്രമേ ‘ഇ20’ പാലിക്കാനാവുന്നുള്ളൂ എന അദ്ദേഹം പറഞ്ഞു. അഭിഭാഷകൻ അക്ഷയ് മൽഹോത്ര സമർപിച്ച പൊതുതാൽപര്യ ഹരജിയിൽ, രണ്ടു വർഷത്തിൽ താഴെ പഴക്കമുള്ള ‘ബി.എസ് 6’ മോഡലുകൾ ഉൾപ്പെടെ പൊരുത്തമില്ലാത്ത വാഹനങ്ങളിൽ ഇ20 പെട്രോൾ നിർബന്ധിക്കുന്നത് ഉടമകളുടെ മൗലികാവകാശങ്ങൾ ലംഘിക്കുമെന്ന് വാദിച്ചു. അവബോധത്തിന്റെയും ഇന്ധന പമ്പുകളുടെ ലേബലിങ്ങിന്റെയും നിർദേശങ്ങളുടെയും അഭാവം 2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമം പ്രകാരം വിവരമുള്ള ഉപഭോക്തൃ തെരഞ്ഞെടുപ്പിനുള്ള അവകാശത്തെ ലംഘിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി. വാദങ്ങൾ കേട്ട ശേഷം, ചീഫ് ജസ്റ്റിസ് ഗവായ് ഹരജി നിരസിക്കുന്നതായി പ്രഖ്യാപിച്ചു.
XZSAXAZAS