ഗിന്നസ് റെക്കോഡുകൾ സ്വന്തമാക്കി സൗദി സിനിമ 'സെവൻ ഡോഗ്‌സ്

ഷീബ വിജയൻ
ജിദ്ദ I 'സെവൻ ഡോഗ്‌സ്' എന്ന പേരിൽ സൗദിയിൽ നിന്നിറങ്ങിയ സിനിമ ഗിന്നസ് വേൾഡ് റെക്കോഡിൽ രണ്ട് ലോക റെക്കോഡുകൾ നേടിയതായി സൗദി എന്റർടൈൻമെന്റ് അതോറിറ്റി മേധാവി തുർക്കി അൽശൈഖ് അറിയിച്ചു. സുരക്ഷ മേഖലകളുമായും റിയാദിലെ 'അൽഹോസ്ൻ' സ്റ്റുഡിയോകളുമായും സഹകരിച്ച്, സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ പിന്തുണയോടെയാണ് ചിത്രം റെക്കോഡ് ബുക്കിൽ ഇടംനേടിയതെന്ന് അൽശൈഖ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പറഞ്ഞു. വിഷൻ 2030 ന്റെ ലക്ഷ്യങ്ങളുടെ ഭാഗമായി രാജ്യത്തെ കലാപരമായ നിർമാണത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിലെ ഗണ്യമായ വികസനത്തെ ഈ നേട്ടം പ്രതിഫലിപ്പിക്കുന്നുവെന്ന് അൽശൈഖ് സ്ഥിരീകരിച്ചു. പ്രാദേശികവും ആഗോളവുമായ പ്രതീക്ഷകൾക്കിടയിൽ ചിത്രം ഉടൻ റിലീസ് ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് ആഗോള സിനിമ ഭൂപടത്തിൽ സൗദി അറേബ്യയുടെ സാന്നിധ്യം വർധിപ്പിക്കുന്ന അഭൂതപൂർവമായ നേട്ടമാണ്. സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ സിനിമാറ്റിക് സ്ഫോടനത്തിനുള്ള റെക്കോഡ് തകർക്കുന്നതിൽ ചിത്രം വിജയിച്ചു. ജെയിംസ് ബോണ്ട് സിനിമയെ മറികടന്നാണ് സൗദി സിനിമ ഈ അപൂർവ നേട്ടം കൊയ്തത്. റിയാദടക്കമുള്ള സൗദിയുടെ വിവിധ പ്രവിശ്യകളിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. ഒരൊറ്റ സീനിൽ മാത്രം ഏറ്റവും വലിയ ഹൈ എക്സ്പ്ലോസിവ് ഉഗ്രസ്ഫോടനം നടത്തിയതിനാണ് ഗിന്നസ് റെക്കോഡ്. 170.7 ടൺ ടി.എൻ.ടി, 20 ബെൻടൊണൈറ്റ്, 20,000 ലിറ്റർ പെട്രോൾ എന്നിവ ഉപയോഗിച്ചായിരുന്നു സ്‌ഫോടനം. സുരക്ഷ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരുന്നു ചിത്രീകരണം. 68.47 ടൺ ടി.എൻ.ടി ഉപയോഗിച്ച് സ്ഫോടനം ചിത്രീകരിച്ച 2015 ൽ പുറത്തിറങ്ങിയ 'സ്പെക്ടർ' എന്ന സിനിമയെ മറികടന്നാണ് 'സെവൻ ഡോഗ്‌സ്' പുതിയ റെക്കോഡ് സ്ഥാപിച്ചത്.
2021 ൽ പുറത്തിറങ്ങിയ 'നോ ടൈം ടു ഡൈ' എന്ന സിനിമയിൽ ഒരു സീനിൽ തന്നെ ഏറ്റവും കൂടുതൽ സ്ഫോടനാത്മക വസ്തുക്കൾ ഉപയോഗിച്ചുള്ള സ്ഫോടനം എന്ന വിഭാഗത്തിൽ സ്ഥാപിച്ച റെക്കോഡും സൗദി സിനിമ തകർത്തു. ഈജിപ്ഷ്യൻ നടന്മാരായ കരിം അബ്ദുൽ അസീസ്, അഹ്മദ് എസ്സ്, സൗദി നടൻ നാസർ അൽ ഗസാബി തുടങ്ങിയ പ്രമുഖ അറബ് താരങ്ങളെ ഉൾപ്പെടുത്തി നിർമിക്കുന്ന സിനിമയിൽ ബോളിവുഡ് താരങ്ങളായ സൽമാൻ ഖാൻ, സഞ്ജയ് ദത്ത് എന്നിവർ അതിഥി വേഷങ്ങളിൽ എത്തുന്നുണ്ട്. ഈ വർഷം അവസാനത്തോടെയായിരിക്കും സിനിമ തിയറ്ററുകളിൽ എത്തുക.
assasasad