സ്വാതന്ത്ര്യദിനത്തില്‍ അറവുശാലകളും മാംസവില്‍പന കടകളും അടച്ചിടണം; ക്രൂരവും ഭരണഘടനാവിരുദ്ധവുമായ നിർദേശമെന്ന് ഉവൈസി

ഷീബ വിജയൻ
ഹൈദരാബാദ് I സ്വാതന്ത്ര്യദിനത്തില്‍ അറവുശാലകളും മാംസവില്‍പന കടകളും അടച്ചിടണമെന്ന രാജ്യത്തെ ചില മുനിസിപ്പൽ കോര്‍പറേഷനുകളുടെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. ചില നഗരസഭകൾ ശ്രീകൃഷ്ണ ജയന്തി ദിനമായ ആഗസ്റ്റ് 16നും മാംസവില്‍പനക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്റെ നിര്‍ദേശത്തിനെതിരേ ഹൈദരാബാദ് എം.പിയും എ.ഐ.എം.ഐ.എം അധ്യക്ഷനുമായ അസദുദ്ദീന്‍ ഉവൈസി രൂക്ഷവിമർശനവുമായി രംഗത്തെത്തി. നഗരസഭ നിര്‍ദേശം ക്രൂരവും ഭരണഘടനാവിരുദ്ധവുമാണെന്ന് ഉവൈസി വിമര്‍ശിച്ചു. ‘ഇന്ത്യയിലെ പല നഗരസഭകളും അറവുശാലകളും മാംസവില്‍പന കേന്ദ്രങ്ങളും ആഗസ്റ്റ് 15ന് അടച്ചിടണമെന്ന് നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നു. ദൗര്‍ഭാഗ്യവശാല്‍ ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പൽ കോര്‍പറേഷനും സമാനമായ ഉത്തരവ് പുറപ്പെടുവിച്ചു. ഇത് ക്രൂരവും ഭരണഘടനാവിരുദ്ധവുമാണ്. മാംസം കഴിക്കുന്നതും സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നതും തമ്മില്‍ എന്ത് ബന്ധമാണുള്ളത്? തെലങ്കാനയിലെ 99 ശതമാനം ജനങ്ങളും മാംസം കഴിക്കുന്നവരാണ്. ഈ മാംസനിരോധനം ജനങ്ങളുടെ സ്വാതന്ത്ര്യം, സ്വകാര്യത, ഉപജീവനം, സംസ്‌കാരം, പോഷകാഹാരം, മതം എന്നിവക്കുള്ള അവകാശങ്ങളെ ലംഘിക്കുന്നതാണ്’ -ഉവൈസി എക്സിൽ കുറിച്ചു.
XZSXS