പ്രധാനമന്ത്രി യുകെയിലേക്ക് തിരിച്ചു; വ്യാപാര കരാർ വ്യാഴാഴ്ച ഒപ്പുവയ്ക്കും

ഷീബ വിജയൻ
ന്യൂഡൽഹി I യുകെ, മാലദ്വീപ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി യാത്രതിരിച്ചു. ശനിയാഴ്ചവരെയാണു സന്ദർശനം. യുകെയും മാലദ്വീപുമായും വിവിധ വ്യാപാര-പ്രതിരോധകരാറുകളിൽ ധാരണയാകും. യുകെയിലെ രണ്ടു ദിവസത്തെ സന്ദർശനത്തിനിടെ ഇരുരാജ്യങ്ങളും തമ്മിള്ള വ്യാപാര കരാർ ഒപ്പുവയ്ക്കും. യുകെ പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ, ചാൾസ് രാജാവ് എന്നിവരെയുമായി മോദി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയായതിനുശേഷമുള്ള മോദിയുടെ നാലാമത്തെ യുകെ സന്ദർശനമാണിത്. ഇരുരാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരുടെ സാന്നിധ്യത്തിൽ കേന്ദ്രവാണിജ്യ മന്ത്രി പീയൂഷ് ഗോയലും ബ്രിട്ടീഷ് മന്ത്രി ജോനാഥൻ റെയ്നോൾഡ്സും സ്വതന്ത്ര വ്യാപാര കരാറിൽ (എഫ്‌ടിഎ) ഒപ്പുവയ്ക്കും. റഷ്യയിൽനിന്ന് ഇന്ധനം വാങ്ങുന്നതിനെതിരേയുള്ള യൂറോപ്യൻ രാജ്യങ്ങളുടെ നിലപാടുകളിൽ ഇന്ത്യയുടെ അതൃപ്തി അറിയിക്കും. സന്ദർശനവുമായി ബന്ധപ്പെട്ട് യുകെയിൽ പ്രധാനമന്ത്രിക്കു കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഖാലിസ്ഥാൻ അനുകൂലികൾ പ്രതിഷേധവുമായി രംഗത്തെത്തുമെന്ന സൂചനകളെത്തുടർന്നാണിത്.
യുകെ സന്ദർശനം പൂർത്തിയാക്കിയതിനു ശേഷം പ്രധാനമന്ത്രി മാലദ്വീപിലേക്ക് പോകും. മാലദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മൊയ്സുവിന്‍റെ ക്ഷണപ്രകാരമാണ് മോദിയുടെ മാലദ്വീപ് സന്ദർശനം.
SDFAFSSASFD