വ്യാജ സ്ഥാപനങ്ങളുടെ മറവിൽ തൊഴിൽ തട്ടിപ്പ്: 2.11 ലക്ഷം ദീനാർ പിഴയും നാടു കടത്തലും വിധിച്ച് ബഹ്റൈൻ കോടതി
പ്രദീപ് പുറവങ്കര
മനാമ: നിലവിലില്ലാത്ത വ്യാജ വാണിജ്യ സ്ഥാപനങ്ങളുടെ മറവിൽ തൊഴിൽ പെർമിറ്റുകൾ തട്ടിയെടുത്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഏഴ് ഏഷ്യൻ പൗരന്മാർക്ക് കടുത്ത ശിക്ഷ വിധിച്ച് ബഹ്റൈൻ മൈനർ ക്രിമിനൽ കോടതി. പ്രതികൾക്ക് ആകെ 2,11,000 ബഹ്റൈനി ദീനാർ പിഴ ചുമത്തുകയും, ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം രാജ്യത്തുനിന്ന് സ്ഥിരമായി നാടുകടത്താൻ (Deportation) ഉത്തരവിടുകയും ചെയ്തതായി മന്ത്രാലയങ്ങളുടെയും പൊതുസ്ഥാപനങ്ങളുടെയും പബ്ലിക് പ്രോസിക്യൂഷൻ മേധാവി അറ്റോർണി ജനറൽ അറിയിച്ചു.
തൊഴിൽ വിപണി നിയന്ത്രണ അതോറിറ്റി നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി. എൽ.എം.ആർ.എയിലെ ജുഡീഷ്യൽ ഓഫീസർമാർ നടത്തിയ പരിശോധനയിൽ 64 വ്യാജ വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികൾ ഈ വ്യാജ റെക്കോർഡുകൾ ഉപയോഗിച്ച് 211 വിദേശ തൊഴിലാളികൾക്കായി വർക്ക് പെർമിറ്റുകൾ കൈപ്പറ്റിയെന്നും, എന്നാൽ ഇവരെ യഥാർത്ഥ ജോലിയിൽ പ്രവേശിപ്പിക്കാതെ പെർമിറ്റുകൾ കൈവശം വച്ചിരിക്കുകയായിരുന്നുവെന്നും വ്യക്തമായത്.
സംഭവത്തിൽ പബ്ലിക് പ്രോസിക്യൂഷൻ സമഗ്രമായ അന്വേഷണം നടത്തുകയും പിടിയിലായ പ്രതികളെ ചോദ്യം ചെയ്യുകയും ചെയ്തു. ഒളിവിൽ കഴിഞ്ഞിരുന്ന മറ്റു പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനായി ഉത്തരവിടുകയും, സാക്ഷികളുടെ മൊഴികളും സാങ്കേതിക രേഖകളും പരിശോധിക്കുകയും ചെയ്ത ശേഷമാണ് കേസ് കോടതിയിലേക്ക് കൈമാറിയത്.
തൊഴിൽ വിപണി നിയമങ്ങൾ ലംഘിക്കുന്നവർക്കും വ്യാജ മാർഗ്ഗങ്ങളിലൂടെ സംവിധാനങ്ങളെ ചൂഷണം ചെയ്യുന്നവർക്കുമെതിരെ ശക്തമായ നിയമനടപടികൾ തുടർന്നും സ്വീകരിക്കുമെന്ന് അറ്റോർണി ജനറൽ വ്യക്തമാക്കി. രാജ്യത്തെ തൊഴിൽ മേഖലയുടെ ക്രമീകരണങ്ങളെ ബാധിക്കുന്ന ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിന് ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് പ്രോസിക്യൂഷൻ കർശന നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
sdfsdf

