മയക്കുമരുന്ന് കടത്ത്: ഏഷ്യൻ പൗരന്റെ 15 വർഷത്തെ തടവുശിക്ഷ ശരിവെച്ച് ബഹ്റൈൻ ഹൈ ക്രിമിനൽ അപ്പീൽ കോടതി
പ്രദീപ് പുറവങ്കര
മനാമ: വിദേശത്തുനിന്ന് വൻതോതിൽ ലഹരിമരുന്ന് ഇറക്കുമതി ചെയ്യുകയും ബഹ്റൈനിൽ 'ഡെഡ് ഡ്രോപ്പ്' രീതി ഉപയോഗിച്ച് വിതരണം ചെയ്യുകയും ചെയ്ത സംഭവത്തിൽ ഏഷ്യൻ പൗരന് ലഭിച്ച 15 വർഷത്തെ തടവുശിക്ഷയും 10,000 ദീനാർ പിഴയും ഹൈ ക്രിമിനൽ അപ്പീൽ കോടതി ശരിവെച്ചു. ശിക്ഷാ കാലാവധി പൂർത്തിയായ ശേഷം പ്രതിയെ രാജ്യത്തുനിന്ന് നാടുകടത്താനും പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടാനുമുള്ള ഉത്തരവും കോടതി നിലനിർത്തി.
വിദേശത്തുള്ള മറ്റൊരു ഏഷ്യൻ പൗരനുമായി ചേർന്നാണ് പ്രതി ബഹ്റൈനിൽ ലഹരി വിൽപന നടത്തിയത്. ഓരോ വിൽപനയ്ക്കും 1 ദീനാർ വീതം പ്രതിഫലം വാഗ്ദാനം ചെയ്താണ് പ്രതിയെ ലഹരിശൃംഖലയുടെ ഭാഗമാക്കിയത്. തപാൽ മാർഗ്ഗം എത്തിക്കുന്ന ലഹരിവസ്തുക്കൾ വാങ്ങി വിവിധ കേന്ദ്രങ്ങളിൽ എത്തിച്ചുകൊടുക്കുന്നതായിരുന്നു ഇയാളുടെ രീതി.
യൂറോപ്യൻ രാജ്യത്ത് നിന്ന് കൊറിയർ വഴി അയച്ച 5,000 മില്ലിലിറ്റർ ദ്രാവക രൂപത്തിലുള്ള ലഹരിമരുന്ന് അടങ്ങിയ പാഴ്സൽ വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ എക്സ്-റേ പരിശോധനയിലൂടെ കണ്ടെത്തിയതാണ് കേസിലെ വഴിത്തിരിവായത്. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ രഹസ്യ നീക്കത്തിലൂടെ പാഴ്സൽ കൈപ്പറ്റാൻ എത്തിയ പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നു.
പ്രതിയിൽ നിന്നും പാഴ്സലിൽ നിന്നും ദ്രാവക രൂപത്തിലുള്ള ലഹരിമരുന്ന് അടങ്ങിയ 62 കാനുകളും, ഇലക്ട്രോണിക് ഷീഷ ഹെഡും, വിതരണത്തിനായി സൂക്ഷിച്ച മറ്റ് സാമഗ്രികളും പോലീസ് പിടിച്ചെടുത്തു. വിദേശത്തുനിന്ന് ലഹരിമരുന്ന് എത്തിച്ച് രാജ്യത്ത് വിതരണം ചെയ്യുന്ന വൻ ശൃംഖലയിലെ കണ്ണിയാണ് ഇയാളെന്ന് അന്വേഷണത്തിൽ വ്യക്തമായി. മൊബൈൽ ഫോൺ പരിശോധനയിൽ ലഹരി വിൽപനയുമായി ബന്ധപ്പെട്ട ചിത്രങ്ങളും സംഭാഷണങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
asdasd

