ബഹ്‌റൈൻ കേരളീയ സമാജം 'ശ്രാവണം 2026': സെപ്റ്റംബർ മാസത്തിൽ വിപുലമായ പരിപാടികൾ


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണാഘോഷ പരിപാടിയായ 'ശ്രാവണം 2026' വിവിധ കലാ-സാംസ്‌കാരിക, കായിക പരിപാടികളോടെ ആവേശകരമായി തുടരുന്നു. ജൂലൈ 31-ന് ആരംഭിച്ച ആഘോഷ പരമ്പരയിൽ പിള്ളേരോണം, കബഡി, വടംവലി മത്സരങ്ങൾ, വിവിധ സംഗീത സാഹിത്യ സന്ധ്യകൾ തുടങ്ങിയവ ഇതിനോടകം അരങ്ങേറി.

സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലായി സംഗീതം, നൃത്തം, കായികം, പാരമ്പര്യ കലകൾ, പാചകം തുടങ്ങി പ്രവാസി മലയാളി സമൂഹത്തിന് വേറിട്ട അനുഭവമേകുന്ന നിരവധി പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

സെപ്റ്റംബർ 4-ന് വൈകീട്ട് 4 മണി മുതൽ കേരളത്തിന്റെ തനത് രുചികൾ അണിനിരത്തുന്ന 'രുചിമേള' നടക്കും. ഗായിക അഞ്ജു ജോസഫ് നയിക്കുന്ന മ്യൂസിക് ബാൻഡും രാജ് കലേഷ് നയിക്കുന്ന പരിപാടികളും ഫ്ലാഷ് മോബും ഇതിന്റെ ഭാഗമായിരിക്കും. തുടർന്ന് സെപ്റ്റംബർ 5-ന് ഫ്ലാഷ് മോബ് മത്സരവും സെപ്റ്റംബർ 10-ന് വൈകീട്ട് 7.30-ന് കുമാരി ഗംഗാ ശശീധരൻ അവതരിപ്പിക്കുന്ന വയലിൻ കച്ചേരിയും അരങ്ങേറും.

സെപ്റ്റംബർ 11-ന് നൂറിലധികം വനിതകൾ അണിനിരക്കുന്ന മെഗാ തിരുവാതിരയും സെപ്റ്റംബർ 12, 13 തീയതികളിൽ പായസ മത്സരം, ഓണപ്പുടവ മത്സരം, ഓണപ്പാട്ട് മത്സരം എന്നിവയും നടക്കും. സെപ്റ്റംബർ 16-ന് 'ആരവം മാരം' അവതരിപ്പിക്കുന്ന നാടൻപാട്ടുകളും സെപ്റ്റംബർ 17-ന് വൈകീട്ട് 7.30-ന് ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് വൈക്കം വിജയലക്ഷ്മിയുടെ ഗാനസന്ധ്യയും ഉണ്ടായിരിക്കും.
സെപ്റ്റംബർ 18-ന് വൈകീട്ട് 7 മണി മുതൽ മാസ്റ്റർ നീൽഗ്രീവ് അവതരിപ്പിക്കുന്ന 'വീണാ റിവിറ' സംഗീതപരിപാടിയും മെഗാ ചരടുപിന്നിക്കളിയും നടക്കും. സെപ്റ്റംബർ 22-ന് മലയാള സിനിമ ആസ്പദമാക്കിയുള്ള ക്വിസ് മത്സരവും സെപ്റ്റംബർ 24-ന് വൈകീട്ട് 7.30-ന് മെറിൻ ഗ്രിഗറി, ദീക്ഷാ പ്രകാശ്, ഗോകുൽ എന്നിവർ അണിനിരക്കുന്ന മ്യൂസിക്കൽ നൈറ്റും അരങ്ങേറും.

ആഘോഷങ്ങളുടെ പ്രധാന ആകർഷണങ്ങളിലൊന്നായ 'ചിത്രാഞ്ജലി' സംഗീതവിരുന്ന് സെപ്റ്റംബർ 25-ന് വൈകീട്ട് 6.30-ന് നടക്കും. പ്രശസ്ത ഗായിക കെ.എസ്. ചിത്രയോടൊപ്പം നിഷാദ്, അനാമിക, അർജുൻ എന്നിവരും ഗാനങ്ങൾ ആലപിക്കും. കൂടാതെ സെപ്റ്റംബർ 25-ന് രാവിലെ 10 മണിക്ക് പൂക്കളമത്സരവും സെപ്റ്റംബർ 26-ന് തിരുവാതിര മത്സരവും സെപ്റ്റംബർ 27-ന് സിനിമാറ്റിക് ഡാൻസ് മത്സരവും നടക്കും. 'ശ്രാവണം 2026'-ന്റെ ഭാഗമായി നടക്കുന്ന എല്ലാ പരിപാടികൾക്കും പ്രവേശനം പൂർണ്ണമായും സൗജന്യമായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ട് ഒക്ടോബർ 2-ന് പ്രശസ്ത പാചകവിദഗ്ദ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ വിപുലമായ ഓണസദ്യ ഒരുക്കും.

ഇതുമായി ബന്ധപ്പെട്ട് നടന്ന വാർത്ത സമ്മേളനത്തിൽ ബികെഎസ് പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള, വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, സാഹിത്യവിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ, ലൈബ്രേറിയൻ ബിനു കരുണാകരൻ, ശ്രാവണം 2026 ഓണാഘോഷകമ്മിറ്റി കൺവീനർ ഹരികൃഷ്ണൻ, എക്സ് ഓഫീഷ്യോ രാജീവ് പി മാത്യു, രുചിമേള കൺവീനർ വിനോദ് ഉത്തമൻ എന്നിവർ പങ്കെടുത്തു.

article-image

ssfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed