ഏഴു മാസത്തെ ഇടവേളയ്ക്ക് ശേഷം ബഹ്റൈനിലെ സർക്കാർ സ്‌കൂളുകൾ തുറന്നു: വാഹന സുരക്ഷ ഉറപ്പാക്കാൻ മാതാപിതാക്കൾക്ക് നിർദ്ദേശം
പ്രദീപ് പുറവങ്കര
മനാമ: ഏഴു മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ബഹ്റൈനിലെ സർക്കാർ സ്‌കൂളുകൾ ഇന്ന് തുറന്നു. 1,57,000 കുട്ടികളാണ് ക്ലാസുകളിലേക്ക് മടങ്ങിയെത്തിയത്. ഇറാന്റെ ആക്രമണങ്ങളെ തുടർന്ന് മാസങ്ങളായി ഓൺലൈൻ വഴിയായിരുന്നു അധ്യയനം. വിദ്യാഭ്യാസ മന്ത്രാലയം സുരക്ഷാ പരിശോധനകളും ആവശ്യമായ അറ്റകുറ്റപ്പണികളും പൂർത്തിയാക്കിയാണ് സ്‌കൂളുകൾ തുറന്നത്. സ്വകാര്യ സ്‌കൂളുകളിൽ ഈ ആഴ്ച ആദ്യം തന്നെ ക്ലാസുകൾ ആരംഭിച്ചിരുന്നു.
സ്‌കൂളുകൾ തുറന്ന പശ്ചാത്തലത്തിൽ, കുട്ടികളെ കൊണ്ടുപോകാൻ ഏർപ്പെടുത്തുന്ന സ്വകാര്യ വാഹനങ്ങൾക്കും ഡ്രൈവർമാർക്കും സാധുവായ ലൈസൻസുണ്ടെന്ന് മാതാപിതാക്കൾ ഉറപ്പുവരുത്തണമെന്ന് അധികൃതരും നിയമവിദഗ്ദ്ധരും മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വർഷം ലൈസൻസില്ലാത്ത വാഹനങ്ങളിൽ കുട്ടികളെ കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ഉണ്ടായ ദാരുണ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നിർദ്ദേശം.
2025 ഒക്ടോബറിൽ, അനധികൃത സ്വകാര്യ വാഹനത്തിൽ മണിക്കൂറുകളോളം അടച്ചിടപ്പെട്ടതിനെ തുടർന്ന് നാലര വയസ്സുകാരൻ മരണപ്പെട്ടിരുന്നു. തുടർന്ന് നവംബറിൽ, തകരാറിലായ സ്വകാര്യ കാറിൽ കുട്ടി ഉറങ്ങിക്കിടക്കവെ വാഹനം റിക്കവറി ട്രക്കിൽ കയറ്റിക്കൊണ്ടുപോയ സംഭവവും ഉണ്ടായി. അടുത്ത ബന്ധുക്കളോ പരിചയക്കാരോ ആണെങ്കിൽ പോലും മതിയായ ലൈസൻസില്ലാത്ത ഡ്രൈവർമാരെ കുട്ടികളെ കൊണ്ടുപോകാൻ ഏൽപ്പിക്കരുതെന്ന് ശൂറ കൗൺസിൽ അംഗം ലീന ഹബീബ് വ്യക്തമാക്കി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ മാതാപിതാക്കൾക്കാണ് പ്രാഥമിക ഉത്തരവാദിത്തം.
മതിയായ ലൈസൻസില്ലാതെ പണം വാങ്ങി വിദ്യാർത്ഥികളെ കൊണ്ടുപോകുന്ന ഡ്രൈവർമാർക്ക് ട്രാഫിക് നിയമപ്രകാരം ആറു മാസം വരെ തടവും 100 മുതൽ 1,000 ദീനാർ വരെ പിഴയും ലഭിക്കാമെന്ന് പ്രമുഖ അഭിഭാഷകൻ ജാസിം അൽ ഈസ വെളിപ്പെടുത്തി. സുരക്ഷയ്ക്കാണ് മുൻഗണന നൽകേണ്ടതെന്നും വിലക്കുറവോ സൗകര്യമോ നോക്കി കുട്ടികളുടെ ജീവൻ അപകടത്തിലാക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ugiug

