കോത്തഗുഡം കോർപറേഷനിൽ സി.പി.ഐ തരംഗം; മേയർ പദവിയിലേക്ക് ഇടതുപക്ഷം, പിന്തുണയുമായി കോൺഗ്രസ്
ഷീബ വിജയൻ
ഹൈദരാബാദ്: തെലങ്കാന തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം ആഞ്ഞടിച്ചപ്പോഴും കോത്തഗുഡം കോർപറേഷനിൽ ചെങ്കൊടി പാറിച്ച് സി.പി.ഐ ശ്രദ്ധേയമായ മുന്നേറ്റം നടത്തി. കൽക്കരി ഖനന മേഖലയായ ഇവിടെ തനിച്ച് മത്സരിച്ച സി.പി.ഐ 25 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറി. കോർപറേഷനായി ഉയർത്തിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പിൽ തന്നെ ഭരണമുറപ്പിച്ച സി.പി.ഐ മേയർ പദവിക്കായി അവകാശവാദം ഉന്നയിച്ചു കഴിഞ്ഞു.
ആകെ 60 സീറ്റുകളുള്ള കോർപറേഷനിൽ കേവല ഭൂരിപക്ഷത്തിന് 31 സീറ്റുകളാണ് വേണ്ടത്. 25 സീറ്റുള്ള സി.പി.ഐക്ക് പുറമെ കോൺഗ്രസ് 21 സീറ്റുകൾ നേടി രണ്ടാമതെത്തി. ബി.ആർ.എസ് എട്ട് സീറ്റുകളിലേക്ക് ഒതുങ്ങിയപ്പോൾ ബി.ജെ.പിക്കും സി.പി.എമ്മിനും ഓരോ സീറ്റുകൾ വീതമാണ് ലഭിച്ചത്. മൂന്ന് സ്വതന്ത്രരും ഇവിടെ വിജയിച്ചിട്ടുണ്ട്. ഇൻഡ്യ മുന്നണിയിലെ പങ്കാളികളായ കോൺഗ്രസും സി.പി.ഐയും ഇവിടെ തനിച്ചാണ് മത്സരിച്ചതെങ്കിലും നഗര ഭരണത്തിനായി ഇവർ കൈകോർക്കുമെന്നാണ് റിപ്പോർട്ടുകൾ.
സിൻഗരേനി കൽക്കരി കമ്പനിയിലെ തൊഴിലാളി കുടുംബങ്ങൾക്കിടയിലുള്ള ശക്തമായ സ്വാധീനമാണ് സി.പി.ഐയുടെ വലിയ വിജയത്തിന് പിന്നിൽ. നിലവിൽ തെലങ്കാന നിയമസഭയിലെ ഏക സി.പി.ഐ അംഗമായ കെ. സാംബശിവ റാവുവും കോത്തഗുഡം മണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്. സ്വതന്ത്രരും സി.പി.എം പ്രതിനിധിയും സി.പി.ഐക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടാതെ സി.പി.ഐയെ പിന്തുണയ്ക്കാൻ സന്നദ്ധരാണെന്ന് ബി.ആർ.എസ് നേതാവ് കെ.ടി. രാമറാവു അറിയിച്ചെങ്കിലും കോൺഗ്രസുമായി ചേർന്ന് ഭരണം നടത്താനാണ് ഇടതുപക്ഷത്തിന്റെ നീക്കം.
മേയർ പദവി സി.പി.ഐക്ക് വിട്ടുനൽകുന്ന കാര്യത്തിൽ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സി.പി.ഐ നേതൃത്വവുമായി ചർച്ചകൾ ആരംഭിച്ചതായാണ് വിവരം. കോൺഗ്രസ് പിന്തുണയോടെ സി.പി.ഐ മേയർ അധികാരമേൽക്കുന്നതോടെ സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് കാലത്തുണ്ടായിരുന്ന സഖ്യം തദ്ദേശ ഭരണതലത്തിലും ശക്തമാകുകയാണ്.
qweewqdeqwewq


