തെലങ്കാനയിൽ കോൺഗ്രസ് തരംഗം; ബി.ആർ.എസിനെ തൂത്തെറിഞ്ഞു, വോട്ട് ഭിന്നിപ്പിൽ നേട്ടമുണ്ടാക്കി ബി.ജെ.പി


ഷീബ വിജയൻ

ഹൈദരാബാദ്: തെലങ്കാന തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസിന് മിന്നും വിജയം. സംസ്ഥാനത്തെ കോർപറേഷനുകളും മുനിസിപ്പാലിറ്റികളും കോൺഗ്രസ് തൂത്തുവാരിയപ്പോൾ, മുൻ ഭരണകക്ഷിയായ ബി.ആർ.എസ് നിലംപരിശായി. ഏഴ് കോർപറേഷനുകളിൽ അഞ്ചും കോൺഗ്രസ് പിടിച്ചെടുത്തപ്പോൾ, ചരിത്രത്തിലാദ്യമായി രണ്ട് കോർപറേഷനുകളിൽ ഭരണം നേടി ബി.ജെ.പി കരുത്തുകാട്ടി. അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം വലിയ തിരിച്ചടിയാണ് നേരിട്ടത്.

മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ കോൺഗ്രസ് വൻ മുന്നേറ്റമാണ് നടത്തിയത്. ആകെയുള്ള 123 മുനിസിപ്പാലിറ്റികളിൽ 84 എണ്ണത്തിലും കോൺഗ്രസ് വിജയിച്ചു. മഞ്ചെരിയൽ, രാമഗുണ്ടം, കൊത്തഗുഡം, മഹാബുബ്നഗർ, നാൽഗൊണ്ട എന്നീ അഞ്ച് കോർപറേഷനുകളിൽ കോൺഗ്രസ് അധികാരം ഉറപ്പിച്ചു. ആകെ 5,992 വാർഡുകളിൽ 3,074 ഇടത്തും കോൺഗ്രസ് സ്ഥാനാർത്ഥികൾ വിജയിച്ചു.

മുൻപ് സംസ്ഥാനം ഭരിച്ച കെ. ചന്ദ്രശേഖര റാവുവിന്റെ ബി.ആർ.എസിന് ഒരു കോർപറേഷനിൽ പോലും വിജയിക്കാനായില്ലെന്നത് വലിയ ക്ഷീണമായി. നേരത്തെ 122 മുനിസിപ്പാലിറ്റികൾ ഭരിച്ചിരുന്ന അവർ ഇത്തവണ വെറും 15 എണ്ണത്തിലേക്ക് ഒതുങ്ങി. വടക്കൻ ജില്ലകളിലും മധ്യ തെലങ്കാനയിലെ കോൺഗ്രസ് ശക്തികേന്ദ്രങ്ങളിലും ബി.ആർ.എസിന് വ്യാപകമായ തിരിച്ചടിയേറ്റു.

അതേസമയം, കോൺഗ്രസും ഉവൈസിയും തമ്മിലുള്ള മതേതര വോട്ട് ഭിന്നിപ്പ് ബി.ജെ.പിക്ക് തുണയായി. കരിം നഗർ, നിസാമാബാദ് കോർപറേഷനുകളിൽ ബി.ജെ.പി ഭരണം പിടിച്ചു. നിസാമാബാദിൽ ബി.ജെ.പിക്ക് 28 സീറ്റുകൾ ലഭിച്ചപ്പോൾ കോൺഗ്രസ് (17), എ.ഐ.എം.ഐ.എം (14) എന്നിങ്ങനെ വോട്ട് പിളർന്നതാണ് ബി.ജെ.പിക്ക് ഗുണകരമായത്. രണ്ട് പ്രധാന കോർപറേഷനുകളിലെ വിജയം ഹൈദരാബാദ് ഉൾപ്പെടെയുള്ള മേഖലകളിൽ വളരാൻ ബി.ജെ.പിക്ക് വലിയ അടിത്തറയാകുമെന്ന് പാർട്ടി നേതാവ് ബൻഡി സഞ്ജയ് കുമാർ പറഞ്ഞു.

ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മിന് പഴയ ശക്തികേന്ദ്രങ്ങളിൽ പലതും നഷ്ടമായി. എങ്കിലും നിർമൽ ജില്ലയിലെ ബൈൻസ മുനിസിപ്പാലിറ്റിയിൽ ഭരണം നിലനിർത്താൻ അവർക്കായി. സംസ്ഥാനത്താകെ 140 വാർഡുകളിലാണ് പാർട്ടിക്ക് വിജയിക്കാനായത്. തെരഞ്ഞെടുപ്പിൽ ആകെ 73 ശതമാനം വോട്ട് രേഖപ്പെടുത്തി. സ്പെഷ്യൽ ഓഫീസർ ഭരണം നടക്കുന്ന ഹൈദരാബാദ് കോർപറേഷനിലെ (GHMC) തെരഞ്ഞെടുപ്പ് പിന്നീട് നടക്കും.

article-image

dffgddfs

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed