രംഗണ്ണൻ വീണ്ടുമെത്തുന്നു; 'ആവേശം 2' ഔദ്യോഗികമായി സ്ഥിരീകരിച്ച് ഫഹദ് ഫാസിൽ
ശാരിക l സിനിമ
ഫഹദ് ഫാസിൽ അനശ്വരമാക്കിയ 'രംഗണ്ണൻ' എന്ന കഥാപാത്രത്തെയും 'ആവേശം' എന്ന സിനിമയെയും ഇരുകൈകളും നീട്ടിയാണ് സിനിമാപ്രേമികൾ സ്വീകരിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന ആവേശകരമായ വാർത്ത താരം തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ്. അടുത്തിടെ നടന്ന ഒരു ചടങ്ങിലാണ് ഫഹദ് ഫാസിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിന്റെ രണ്ടാം ഭാഗം 2027-ലോ 2028-ലോ ആരംഭിക്കാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2024 ഏപ്രിൽ 11-ന് തിയറ്ററുകളിലെത്തിയ 'ആവേശം' ബോക്‌സ് ഓഫീസിൽ 154 കോടിയോളം രൂപ സമാഹരിച്ച് വൻ വിജയമായി മാറിയിരുന്നു. 'രോമാഞ്ച'ത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്ത ഈ ചിത്രം അന്യഭാഷകളിൽ നിന്നുപോലും വലിയ സ്വീകാര്യതയാണ് നേടിയത്. രംഗണ്ണനായുള്ള ഫഹദിന്റെ പ്രകടനം സോഷ്യൽ മീഡിയയിലടക്കം വലിയ തരംഗമാണ് സൃഷ്ടിച്ചത്. ബെംഗളൂരുവിലെ കോളേജ് വിദ്യാർത്ഥികളായ ബിബി, അജു, ശാന്തൻ എന്നിവരിലൂടെയാണ് രംഗ എന്ന അധോലോക നായകൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.
നിലവിൽ സൂര്യയെ നായകനാക്കി തന്റെ ആദ്യ തമിഴ് ചിത്രത്തിന്റെ പണിപ്പുരയിലാണ് സംവിധായകൻ ജിത്തു മാധവൻ. ഫഹദാകട്ടെ തന്റെ ആദ്യ തെലുങ്ക് ചിത്രമായ 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' ഉൾപ്പെടെയുള്ള നിരവധി തെന്നിന്ത്യൻ പ്രോജക്റ്റുകളുടെ തിരക്കിലാണ്. ഇവരുടെ നിലവിലെ കരാറുകൾ പൂർത്തിയാക്കിയ ശേഷം 'ആവേശം 2' വിനായുള്ള ഒരുമിക്കൽ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. അൻവർ റഷീദ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ അൻവർ റഷീദും നസ്രിയ നസീമും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
sdfsdf


