കുവൈത്തിൽ എല്ലാതരം വിസകളും പുനരാരംഭിക്കുന്നു

രാജ്യത്ത് എല്ലാതരം വിസകളും പുനരാരംഭിക്കുന്നു. പുതിയ വ്യവസ്ഥകളോടെ കുടുംബ, വാണിജ്യ, ടൂറിസ്റ്റ് സന്ദർശനങ്ങൾക്കുള്ള പ്രവേശന വിസകൾ പുനരാരംഭിക്കുന്നതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഫെബ്രുവരി എഴു മുതൽ വിവിധ റസിഡൻസ് അഫയേഴ്‌സ് ഡിപ്പാർട്മെന്‍റുകൾ ഇതിനായുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങും. മെറ്റ പ്ലാറ്റ്‌ഫോം വഴി മുൻകൂട്ടി അപ്പോയിന്‍റ്മെന്‍റ് ബുക്ക് ചെയ്‌ത് സന്ദർശന വിസക്ക് അഭ്യർഥിക്കാം. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആക്ടിങ് ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്‍റെ നിർദേശാടിസ്ഥാനത്തിലാണ് തീരുമാനം. രാജ്യത്തെ വാണിജ്യ, സാമ്പത്തിക, ടൂറിസം മേഖലയെ ഉത്തേജിപ്പിക്കാനും സാമൂഹിക വശങ്ങൾ കണക്കിലെടുത്തുമാണ് തീരുമാനം. രാജ്യത്ത് ദീർഘകാലമായി നിർത്തിവെച്ച കുടുംബ സന്ദർശന വിസയും ടൂറിസ്റ്റ് വിസയും പുനരാരംഭിക്കുന്നത് പ്രവാസികൾക്ക് ഗുണകരമാകും. കഴിഞ്ഞ ആഴ്ച കുടുംബവിസയും പുനരാരംഭിച്ചിരുന്നു. കുടുംബ സന്ദർശന വിസ കുടുംബ സന്ദർശന വിസയിൽ അപേക്ഷകരുടെ പിതാവ്, മാതാവ്, ഭാര്യ, മക്കൾ എന്നിവരെ പരിഗണിക്കും.
അപേക്ഷകന് പ്രതിമാസ ശമ്പളം 400 ദീനാറിൽ കുറവായിരിക്കരുതെന്നും വ്യവസ്ഥ ചെയ്തിട്ടുണ്ട്. മറ്റു ബന്ധുക്കളെ എത്തിക്കുന്ന അപേക്ഷകർക്ക് 800 ദീനാറിൽ കുറയാത്ത ശമ്പളം അനിവാര്യമാണ്. സന്ദർശകർ കാലയളവ് പാലിക്കുമെന്ന് രേഖാമൂലമുള്ള സത്യവാങ്മൂലം നൽകണം. താമസ കാലയളവ് ലംഘിക്കുന്ന സാഹചര്യത്തിൽ സന്ദർശകനും സ്പോൺസർക്കുമെതിരെ നിയമനടപടി സ്വീകരിക്കും. സന്ദർശകർക്ക് സർക്കാർ ആശുപത്രികളിൽ ചികിത്സ അനുവദിക്കില്ല. ഇവർ ചികിത്സക്ക് സ്വകാര്യ ആശുപത്രികളെയും ആരോഗ്യ കേന്ദ്രങ്ങളെയും ആശ്രയിക്കണം.ടൂറിസ്റ്റ് സന്ദർശന വിസ 53 രാജ്യങ്ങളിൽനിന്നുള്ള ആളുകൾക്ക് കുവൈത്തിലേക്ക് പ്രവേശിക്കാൻ ടൂറിസ്റ്റ് സന്ദർശന വിസ അനുവദിക്കും. ആഭ്യന്തര മന്ത്രാലയത്തിന്‍റെ വെബ്‌സൈറ്റ് http://moi.gov.kw വഴി ഇതിന് അപേക്ഷിക്കാം.
ജി.സി.സി വിസയുള്ള പ്രൊഫഷനുകൾക്ക് നിബന്ധനകൾക്ക് വിധേയമായും ടൂറിസ്റ്റ് സന്ദർശന വിസ നൽകും. കുവൈത്ത് കമ്പനിയോ സ്ഥാപനമോ സമർപ്പിച്ച അഭ്യർഥനയുടെ അടിസ്ഥാനത്തിൽ വാണിജ്യ പ്രവേശന വിസയും അനുവദിക്കും. സന്ദർശകർക്ക് സർവകലാശാല ബിരുദമോ സാങ്കേതിക യോഗ്യതകളോ അനിവാര്യമാണ്.
sdff