കുവൈത്തിൽ ഓയിൽ മേഖലയിൽ ഇനി സ്വദേശി തൊഴിലാളികൾ മാത്രം


കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇനി ഓയില്‍ മേഖലയില്‍ പ്രവാസികള്‍ക്ക് തൊഴില്‍ നല്‍കില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. കുവൈത്ത് പെട്രോളിയം കോര്‍പറേഷനിലും ഉപ കമ്പനികളിലും ഇനി വിദേശ പൗരന്‍മാര്‍ക്ക് തൊഴില്‍ നല്‍കില്ലെന്ന് കുവൈത്ത് ഓയില്‍ വകുപ്പ് ആക്റ്റിങ് മന്ത്രി ഡോ. ഖാലിദ് അല്‍ ഫഹ്‍ദല്‍ പറഞ്ഞു.

പാര്‍ലമെന്‍ററി സമിതിയില്‍ സംസാരിക്കവെയാണ് കുവൈത്ത് കോര്‍പറേഷനും ഉപ കമ്പനികളും കുവൈറ്റുകാരല്ലാത്തവാരെ ജോലിക്കെടുക്കില്ലെന്ന് മന്ത്രി വ്യക്തമാക്കിയത്. 2020-2021 വര്‍ഷം കുവൈറ്റ് പൗരന്‍മാരെ മാത്രമെ നിയമിക്കൂ എന്നും പ്രത്യേക കരാറുകളെല്ലാം വെട്ടിക്കുറയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

ദേശീയ പെട്രോളിയം കമ്പനികളില്‍ ജോലി ചെയ്യുന്ന കുവൈറ്റ് പൗരന്‍മാരെ പിരിച്ചുവിടില്ലെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും മന്ത്രി പറഞ്ഞു.

കൊവിഡ്-19 പ്രതിസന്ധിയെ തുടര്‍ന്ന് ആഗോള വിപണിയില്‍ കുവൈത്തി ഓയിലിന്‍റെ വില കുത്തനെ ഇടിഞ്ഞിരിക്കുകയാണ്. ലോക്ക് ഡൗണ്‍ കാരണം ആവശ്യം കുറഞ്ഞതും തിരിച്ചടിയായി. ലോക്ക് ഡൗണ്‍ പിന്‍വലിക്കാന്‍ തുടങ്ങിയതോടെ വിപണി തിരിച്ചുവന്നതായും വില ഉയരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

ഭാവിയില്‍ ഇന്ധന വിപണിയെ മാത്രം ആശ്രയിച്ചായിരിക്കില്ലെ കുവൈത്ത് സമ്പദ്‍വ്യവസ്ഥയുടെ നിലനില്‍പ്പെന്നും ഡോ. ഖാലിദ് അല്‍ ഫഹ്‍ദല്‍ വ്യക്തമാക്കി. രാജ്യത്തിന്‍റെ സാമ്പത്തിക രംഗം ശക്തിപ്പെടുത്തുന്നതിന് സ്വകാര്യ മേഖലയെയും പ്രോത്സാഹിപ്പിക്കും. ഇതിനായി നിയമ നിര്‍മാണം നടത്തും.- അല്‍ ഫഹ്‍ദല്‍ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed