അൽ മക്തൂം തുടക്കമിട്ട പദ്ധതി ഇന്ത്യയ്ക്കും ഗുണകരം
ദുബായ്: ലോകത്ത് ശുദ്ധജലക്ഷാമം അനുഭവിക്കുന്നവർക്കായി യുഎഇ നടപ്പിലാക്കുന്ന ‘പ്രതീക്ഷയുടെ കിണറുകൾ’ പദ്ധതിയിലേക്കു കാരുണ്യത്തിന്റെ നീരുറവ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തുടക്കമിട്ട പദ്ധതിക്ക് വൻസ്വീകാര്യതയാണ് ലഭിച്ചത്. സർക്കാർ-സ്വകാര്യ മേഖലകളുടെ പങ്കാളിത്തത്തോടെ റമസാനിൽ നടപ്പാക്കിയ പദ്ധതി വഴി ഇന്ത്യയുൾപ്പെടെ 34 രാജ്യങ്ങളിൽ ശുദ്ധജലമെത്തും. ഇതിനായി 150 കിണറുകളാണ് കുഴിക്കുക.
വെള്ളം പമ്പ് ചെയ്യുന്ന മാതൃകയിലുള്ള വെർച്വൽ സംവിധാനം ഉപയോഗിച്ച് 'ചാലഞ്ച്' ഏറ്റെടുത്തത് ആയിരങ്ങൾ. ഒരോരുത്തരും ‘പമ്പ്’ ചെയ്യുന്നയത്ര വെള്ളം ജലക്ഷാമം അനുഭവിക്കുന്ന രാജ്യങ്ങളിൽ എത്തിക്കുകയാണ് ലക്ഷ്യം. യുഎഇയിലെ റെഡ് ക്രസന്റ്, അതതു രാജ്യങ്ങളിലെ കാരുണ്യ സംഘടനകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവയുടെ മേൽനോട്ടത്തിലാകും കിണറുകളൊരുക്കുക. ഇന്ത്യ ഉൾപ്പെടെ 10 രാജ്യങ്ങളിൽ ആർടിഎ 10 കിണറുകൾ വീതം നിർമിക്കും. വരൾച്ച രൂക്ഷമായ മേഖലകൾ കണ്ടെത്തി നടപടികൾ ആരംഭിക്കും. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഗ്ലോബൽ ഇനിഷ്യേറ്റീവിന്റെ നേതൃത്വത്തിലാണു പദ്ധതി.

