നടി സാവിത്രി ശ്രീധരൻ അന്തരിച്ചു: അരങ്ങിലും വെള്ളിത്തിരയിലും തിളങ്ങിയ പ്രതിഭ
ഷീബ വിജയൻ
കോഴിക്കോട്: പ്രശസ്ത നടിയും സംസ്ഥാന-ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവുമായ സാവിത്രി ശ്രീധരൻ (78) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്ന അവർ കോഴിക്കോട് മാങ്കാവിലെ വസതിയിൽ വെച്ചാണ് മരണമടഞ്ഞത്.
അഞ്ചു പതിറ്റാണ്ടിലേറെ നാടകവേദികളിൽ നിറഞ്ഞാടിയ ശേഷമാണ് സാവിത്രി ശ്രീധരൻ സിനിമയിലേക്ക് എത്തിയത്. 1961-ൽ വളയനാട് കലാസമിതിയുടെ 'കറുത്ത വെളിച്ചത്തി'ലൂടെ അമച്വർ നാടകരംഗത്തായിരുന്നു തുടക്കം. തുടർന്ന് മാങ്കാവ്, തിരുവണ്ണൂർ, മീഞ്ചന്ത എന്നിവിടങ്ങളിലെ വിവിധ നാടക ട്രൂപ്പുകളിൽ സജീവമായി. കെ.ടി. മുഹമ്മദ്, എം.ടി. വാസുദേവൻ നായർ, തിക്കോടിയൻ, ടി. ദാമോദരൻ എന്നിവർ ചേർന്നെഴുതി ആഹ്വാൻ സെബാസ്റ്റ്യൻ സംവിധാനം ചെയ്ത 'വഴിയമ്പല'ത്തിലൂടെയാണ് നാടകരംഗത്ത് ശ്രദ്ധേയയാകുന്നത്.
1984-ൽ കെ.ടി. മുഹമ്മദിന്റെ കലിംഗ തിയറ്റേഴ്‌സിന്റെ 'ഇതു ഭൂമിയാണ്' എന്ന നാടകത്തിലൂടെ പ്രൊഫഷണൽ രംഗത്തേക്ക് കടന്നു. തുടർന്ന് കലിംഗയുടെ കാഫർ, സൃഷ്ടി, ദീപ്സ്തംഭം മഹാശ്ചര്യം, അച്ഛനും ബാപ്പയും, സാക്ഷാത്കാരം, കുചേലവൃത്തം, സമന്വയം തുടങ്ങിയ ജനപ്രിയ നാടകങ്ങളിലെല്ലാം പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. കലിംഗയ്ക്ക് പുറമെ സംഗമം, സ്റ്റേജ് ഇന്ദ, ചിരന്തന തുടങ്ങിയ പ്രമുഖ തിയേറ്ററുകളിലും ദീർഘകാലം പ്രവർത്തിച്ചു. 'അണിയറ' എന്ന നാടകത്തിലെ അഭിനയത്തിന് സംഗീത നാടക അക്കാദമിയുടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും കരസ്ഥമാക്കിയിരുന്നു.
2018-ൽ പുറത്തിറങ്ങിയ 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ അരങ്ങേറ്റം. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിൽ പ്രത്യേക ജൂറി പരാമർശവും നേടി ആഗോളതലത്തിൽ ശ്രദ്ധ നേടി. 'വൈറസ്', 'ഡാകിനി' എന്നിവയാണ് മറ്റ് പ്രധാന സിനിമകൾ. #SavitriSreedharan #RIPSavitriSreedharan #MalayalamCinema #SudaniFromNigeria
adfsdsdfsdfs

