പൊലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമം; തടവുകാരന് ബഹ്റൈനിൽ അഞ്ച് വർഷം കൂടി തടവ്


പ്രദീപ് പുറവങ്കര

മനാമ: ജയിലിൽ മരുന്ന് വിതരണം ചെയ്യുന്നതിനിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനെ ഇംഗ്ലീഷിൽ അധിക്ഷേപിക്കുകയും മുഖത്തേക്ക് ഷൂ എറിയുകയും ചെയ്ത തടവുകാരന് അഞ്ച് വർഷം തടവുശിക്ഷ വിധിച്ചു. കേസിൽ പ്രതിയായ 29 കാരനായ ബഹ്‌റൈൻ പൗരനാണ് ഹൈ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. പ്രതിയുടെ അഭാവത്തിൽ പുറപ്പെടുവിച്ച വിധിക്കെതിരെ പ്രതി നൽകിയ എതിർപ്പിൽ കോടതി സെപ്റ്റംബർ 29-ന് അന്തിമ വിധി പ്രസ്താവിക്കും.

ജയിലിലെ കെട്ടിടത്തിൽ മരുന്ന് വിതരണം ചെയ്യുന്നതിനിടെയാണ് സംഭവം. മരുന്ന് നൽകുന്നതിനായി പേരും സി.പി.ആർ നമ്പറും ചോദിച്ച പൊലീസുകാരനോട് വിവരങ്ങൾ നൽകാൻ പ്രതി വിസമ്മതിച്ചു. വിവരങ്ങൾ നൽകിയില്ലെങ്കിൽ മരുന്ന് തരാൻ കഴിയില്ലെന്ന് വ്യക്തമാക്കിയതോടെ ഉദ്യോഗസ്ഥനെ അധിക്ഷേപിക്കുകയും മുഖത്തേക്ക് ഷൂ ഊരിയെറിയുകയുമായിരുന്നു. ഷൂവേറിൽ മൂക്കിന് പരിക്കേറ്റതായി സംശയിച്ചെങ്കിലും മറ്റ് ഗുരുതരമായ ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടില്ലെന്ന് മെഡിക്കൽ പരിശോധനയിൽ വ്യക്തമായി.

ഡ്യൂട്ടിയിലുണ്ടായിരുന്ന പൊതുസുരക്ഷാ സേനാംഗത്തെ ആക്രമിക്കൽ, ഉദ്യോഗസ്ഥന്റെ ഔദ്യോഗിക പദവിയെ അധിക്ഷേപിക്കൽ, അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. സംഭവത്തിന്റെ സി.സി.ടി.വി (CCTV) ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റം തെളിഞ്ഞതോടെ ഓഗസ്റ്റിലാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതി കുറ്റം സമ്മതിച്ചതായി കോടതി രേഖകൾ വ്യക്തമാക്കുന്നു.

article-image

assadsdsaads

You might also like

  • Lulu Exchange
  • Straight Forward

Most Viewed