ഹെൽത്ത് പ്രൊഡക്റ്റ് രജിസ്ട്രേഷൻ പുതുക്കൽ കൂടുതൽ എളുപ്പമാക്കി ബഹ്റൈൻ എൻ.എച്ച്.ആർ.എ


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (NHRA) ഹെൽത്ത് പ്രൊഡക്റ്റ് രജിസ്ട്രേഷൻ പുതുക്കൽ (Health Product Registration Renewal) സേവനങ്ങൾ കൂടുതൽ കാര്യക്ഷമവും വേഗത്തിലുമാക്കി. പുതിയ ഇലക്ട്രോണിക് സംവിധാനം വഴി പൂർണ്ണമായും ഡിജിറ്റലായി അപേക്ഷകൾ സമർപ്പിക്കാനും നടപടികൾ പൂർത്തിയാക്കാനും സാധിക്കുന്ന രീതിയിലാണ് സേവനം പരിഷ്കരിച്ചിരിക്കുന്നത്.

സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി കൊണ്ടുവന്ന മാറ്റത്തിലൂടെ അപേക്ഷകൾ പരിശോധിച്ച് തീർപ്പാക്കാനുള്ള സമയം 15 പ്രവൃത്തി ദിവസങ്ങളിൽ നിന്ന് 10 ദിവസമായി കുറച്ചു. മുൻപ് ആവശ്യമായിരുന്ന 12 രേഖകൾക്ക് പകരം ഇനി മുതൽ 4 രേഖകൾ മാത്രം സമർപ്പിച്ചാൽ മതിയാകും. നാല് ഘട്ടങ്ങളിലായിരുന്ന നടപടികൾ മൂന്നായി കുറച്ചതോടൊപ്പം ആവശ്യമായ അനുമതികളുടെ എണ്ണത്തിൽ 25 ശതമാനത്തിന്റെ കുറവും വരുത്തിയിട്ടുണ്ട്.

നൂതന ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ച് നടപടിക്രമങ്ങൾ ലളിതമാക്കുന്നത് സേവനങ്ങളുടെ വേഗത വർദ്ധിപ്പിക്കുമെന്നും ആരോഗ്യ സ്ഥാപനങ്ങൾക്കും ഗുണഭോക്താക്കൾക്കും ഇത് വലിയ ആശ്വാസമാകുമെന്നും എൻ.എച്ച്.ആർ.എ സി.ഇ.ഒ ഡോ. അഹമ്മദ് മുഹമ്മദ് അൽ അൻസാരി പറഞ്ഞു.

സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ മേഖലകളിലായി ആയിരത്തി മുന്നൂറിലധികം സർക്കാർ സേവനങ്ങൾ ഡോക്യുമെന്റ് ചെയ്യുകയും എണ്ണൂറോളം സേവനങ്ങൾ പുനഃസംഘടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ദേശീയ പരാതി പരിഹാര സംവിധാനമായ 'തവാസുൽ' (Tawasul) വഴി ലഭിച്ച നിർദ്ദേശങ്ങളും, നിക്ഷേപകരുടെ അഭിപ്രായങ്ങളും, മിസ്റ്ററി ഷോപ്പർ റിപ്പോർട്ടുകളും അടിസ്ഥാനമാക്കിയാണ് ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായി ഇത്തരം മാറ്റങ്ങൾ നടപ്പിലാക്കുന്നത്.

#NHRABahrain #BahrainHealth #DigitalBahrain #4PMNews

article-image

dcdsdsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed