സോഷ്യൽ മീഡിയ വഴി പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയ 19-കാരൻ ബഹ്‌റൈനിൽ പിടിയിൽ
പ്രദീപ് പുറവങ്കര
മനാമ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം വഴി 14 വയസ്സുകാരിയായ പെൺകുട്ടിയെ വലയിലാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത 19-കാരനെ ബഹ്‌റൈനിൽ അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷൻ, ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റിയുടെ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ഇൻ സൈബർ സ്‌പേസ് ആണ് പ്രതിയെ പിടികൂടിയത്.
പരാതി ലഭിച്ചതിനെ തുടർന്ന് അന്വേഷണം ഊർജ്ജിതമാക്കിയ ഉദ്യോഗസ്ഥർ തെളിവുകൾ ശേഖരിച്ച് പ്രതിയെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർ നിയമനടപടികൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിലും അപരിചിതരുമായുള്ള ഓൺലൈൻ ഇടപെടലുകളിലും രക്ഷാകർത്താക്കൾ അതീവ ജാഗ്രത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കുട്ടികളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും അപരിചിതരുമായി വിവരങ്ങളോ ചിത്രങ്ങളോ പങ്കുവെക്കരുതെന്ന് അവരെ ബോധ്യപ്പെടുത്താനും മാതാപിതാക്കൾ ശ്രദ്ധിക്കണം.
ഓൺലൈൻ വഴിയുള്ള അസ്വാഭാവിക ആശയവിനിമയങ്ങളോ കുട്ടികളെ വലയിലാക്കാനുള്ള ശ്രമങ്ങളോ ശ്രദ്ധയിൽപ്പെട്ടാൽ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ 33523300 എന്ന നമ്പറിലോ cpcu@interior.gov.bh എന്ന ഇമെയിൽ വഴിയോ ഉടൻ വിവരമറിയിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.
dsssads

