സൗദി ദേശീയദിനം: പച്ചപ്പട്ടണിഞ്ഞ് ബഹ്‌റൈൻ; ചരിത്രപരമായ സഹോദരബന്ധം എടുത്തുപറഞ്ഞ് ഭരണാധികാരികൾ
പ്രദീപ് പുറവങ്കര
മനാമ: സൗദി അറേബ്യയുടെ തൊണ്ണൂറ്റാറാമത് ദേശീയദിനത്തോടനുബന്ധിച്ച് സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവിനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ അൽ സൗദിനും ആശംസകൾ നേർന്ന് ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫ.
പതിറ്റാണ്ടുകളായി വിവിധ മേഖലകളിൽ സൗദി അറേബ്യ കൈവരിച്ച അഭൂതപൂർവ്വമായ വികസന കുതിപ്പിനെയും ആഗോളതലത്തിൽ രാജ്യം കൈവരിച്ച പ്രമുഖ സ്ഥാനത്തെയും കിംഗ് ഹമദ് പ്രശംസിച്ചു. ബഹ്‌റൈനും സൗദിയും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരമായ ബന്ധത്തെയും സാഹോദര്യത്തെയും അദ്ദേഹം എടുത്തുപറഞ്ഞു. സ്ട്രാറ്റജിക് പാർട്ണർഷിപ്പിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുമെന്നും ജനങ്ങളുടെ അഭിലാഷങ്ങൾക്കനുസരിച്ച് അത് മുന്നോട്ടുകൊണ്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി അറേബ്യയുടെയും ജനങ്ങളുടെയും കൂടുതൽ പുരോഗതിക്കും ഐശ്വര്യത്തിനുമായി അദ്ദേഹം ആശംസകൾ നേരുകയും ചെയ്തു.
സൗദി ദേശീയദിനാഘോഷങ്ങളുടെ ഭാഗമായി ബഹ്‌റൈനിലെ വിവിധ ഗവർണറേറ്റുകളിലുള്ള പ്രമുഖ കെട്ടിടങ്ങളും ലാൻഡ്‌മാർക്കുകളും പച്ചവെളിച്ചത്താൽ അലങ്കരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സഹോദരബന്ധവും ചരിത്രപരമായ സൗഹൃദവും പ്രതിഫലിപ്പിക്കുന്നതാണ് ഈ ആഘോഷങ്ങൾ. ഇരു ജനതകളും തമ്മിലുള്ള സന്തോഷ പങ്കുവെക്കലിന്റെയും ഐക്യത്തിന്റെയും പ്രതീകമായാണ് ബഹ്‌റൈൻ ഈ ദേശീയ ദിനത്തെ കാണുന്നത്.
ബഹ്‌റൈൻ ഉപസർവ്വസൈന്യാധിപനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയും സൗദി സൽമാൻ രാജാവിനും കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാനും പ്രത്യേക ആശംസാ സന്ദേശങ്ങൾ അയച്ചു.
കൂടാതെ, ബഹ്‌റൈൻ പാർലമെന്റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലം, ശൂറ കൗൺസിൽ ചെയർമാൻ അലി സ്വാലിഹ് അൽ സ്വാലിഹ് എന്നിവർ സൗദി ശൂറ കൗൺസിൽ സ്പീക്കർ ഡോ. ശൈഖ് അബ്ദുല്ല ബിൻ മുഹമ്മദ് അൽ ശൈഖിനും ബഹ്‌റൈനിലെ സൗദി അംബാസഡർ നായിഫ് ബിൻ ബന്ദർ അൽ സുദൈരിക്കും ദേശീയദിന ആശംസകൾ കൈമാറി.
asdasd

