സൽമാൻ ടൗണിൽ സ്വകാര്യ പങ്കാളിത്തത്തോടെ 137 പുതിയ ഭവന യൂണിറ്റുകൾ: ബഹ്‌റൈനി കുടുംബങ്ങൾക്ക് വലിയ ആശ്വാസം
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ ഗവൺമെന്റിന്റെ സോഷ്യൽ ഹൗസിങ് പ്രോഗ്രാമിന് കീഴിൽ സൽമാൻ ടൗണിൽ 137 പുതിയ ഭവന യൂണിറ്റുകളുടെ ബുക്കിങ് ആരംഭിച്ചു. സ്വകാര്യ മേഖലയുമായി സഹകരിച്ച് നടപ്പിലാക്കുന്ന ഓഫ്ലൈൻ സെയിൽസ് സ്കീമിന് കീഴിലുള്ള മൂന്ന് പുതിയ പദ്ധതികളാണ് ഭവന, നഗരാസൂത്രണ മന്ത്രാലയം പ്രഖ്യാപിച്ചത്. പൗരന്മാർക്ക് താങ്ങാനാവുന്ന തുകയിൽ കൂടുതൽ ഭവന ഓപ്ഷനുകൾ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 3 വരെ എക്സിബിഷൻ വേൾഡ് ബഹ്‌റൈനിൽ നടക്കുന്ന രണ്ടാമത് സോഷ്യൽ ഹൗസിങ് ഇന്നൊവേഷൻ കോൺഫറൻസ് ആന്റ് എക്സിബിഷന് മുന്നോടിയായാണ് ഈ പ്രഖ്യാപനം. രാജ്യത്തെ ഭവന ആവശ്യങ്ങൾ നിറവേറ്റുന്നതിന് സ്വകാര്യ ഡെവലപ്പർമാരുടെ പങ്ക് വർദ്ധിപ്പിക്കാനും കൂടുതൽ ഭവനങ്ങൾ വിപണിയിലെത്തിക്കാനും ഈ നീക്കം സഹായിക്കുമെന്ന് ഭവന, നഗരാസൂത്രണ മന്ത്രി ആംന അൽ റുമൈഹി വ്യക്തമാക്കി.
പുതിയ പദ്ധതിയിൽ അൽ മർസ നെയിബർഹുഡിൽ നസീജ് റിയൽ എസ്റ്റേറ്റ് ഡെവലപ്പ്മെന്റും അൽ മൊയ്യദ് കോൺട്രാക്റ്റിങും ചേർന്ന് 24 യൂണിറ്റുകളും, അൽ അസീൽ നെയിബർഹുഡിൽ ദെൽമൺ ഗേറ്റ് റിയൽ എസ്റ്റേറ്റ് 69 യൂണിറ്റുകളും, അൽ സഹേൽ നെയിബർഹുഡിൽ ബഹ്‌റൈൻ ഫസ്റ്റ് റിയൽ എസ്റ്റേറ്റ് ഡെവലപ്പ്മെന്റ് 44 യൂണിറ്റുകളും നിർമ്മിച്ചു നൽകും. മുൻപ് വിജയകരമായി പൂർത്തിയാക്കിയ ലൂസിയിലെ സുഹൈൽ, സൽമാൻ ടൗണിലെ അൽ നസീം പദ്ധതികളുടെ തുടർച്ചയായാണ് പുതിയ വികസനം.
dsvdsdsds

