പൗരന്മാരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ശ്രദ്ധിക്കാൻ പാർലമെന്റിന് മന്ത്രിസഭയുടെ നിർദ്ദേശം
കുവൈത്ത് സിറ്റി : പൗരന്മാരുടെ താൽപ്പര്യങ്ങളുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളിൽ ശ്രദ്ധചെലുത്താൻ പാർലമെന്റ് അംഗങ്ങളോട് മന്ത്രിസഭായോഗം നിർദ്ദേശിച്ചു. പ്രധാനമന്ത്രി ഷെയ്ഖ് ജാബർ അൽ മുബാറക് അൽ ഹമദ് അൽ സബാഹ്, എണ്ണ, ജലം−വൈദ്യുതി മന്ത്രി ബകീത് അൽ റാഷിദി, സാമൂഹിക−തൊഴിൽ, സാന്പത്തികകാര്യമന്ത്രി ഹിന്ദ് അൽ സബീഹ് എന്നിവർക്കെതിരെ എം.പിമാർ സമർപ്പിച്ച കുറ്റവിചാരണാ നോട്ടീസിന്റെ സാധുത പരിശോധിച്ചശേഷമാണു മന്ത്രിസഭയുടെ നിർദ്ദേശം.
കുറ്റവിചാരണയ്ക്കായി ഉന്നയിക്കപ്പെട്ട കാരണങ്ങളുടെ ഭരണഘടനാപരമായും പാർലമെന്ററി നിയമപ്രകാരവുമുള്ള സാധുതകൾ മന്ത്രിസഭ വിലയിരുത്തി. മുൻകാലങ്ങളിലേതുപോലെ കുറ്റവിചാരണ നിയമനാനുസൃതം കൈകാര്യം ചെയ്യാനുള്ള സന്നദ്ധത യോഗം പ്രകടിപ്പിച്ചു. അഴിമതിക്കെതിരായ നടപടികൾ കൂട്ടുത്തരവാദിത്തത്തോടെ നിർവഹിക്കണമെന്നും മന്ത്രിസഭാ നിർദ്ദേശിച്ചു.
