ജിസാന് നേരെ വീണ്ടും ഹൂതി മിസൈൽ ആക്രമണ ശ്രമം
റിയാദ് : ജിസാൻ ലക്ഷ്യമിട്ട് ഹൂതികൾ തൊടുത്തുവിട്ട രണ്ടു ബാലിസ്റ്റിക് മിസൈലുകൾ സൗദി സൈന്യം തകർത്തു. ജിസാൻ നഗരത്തിനു സമീപം ആകാശത്തു വെച്ച് സൈന്യം പാട്രിയറ്റ് മിസൈലുകൾ ഉപയോഗിച്ച് ബാലിസ്റ്റിക് മിസൈലുകൾ തകർക്കുകയായിരുന്നു.
ഇന്നലെ വൈകിട്ട് 4.23 ന് ആണ് ജിസാൻ ലക്ഷ്യമാക്കി ഹൂതികൾ ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതെന്ന് സഖ്യസേനാ വക്താവ് കേണൽ തുർക്കി അൽമാലികി പറഞ്ഞു. യെമനിൽ ഹൂതികളുടെ ശക്തികേന്ദ്രമായ സഅ്ദയിൽ നിന്നാണ് മിസൈലുകൾ തൊടുത്തുവിട്ടത്. ആർക്കെങ്കിലും പരിക്കോ കാര്യമായ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് സഖ്യസേനാ വക്താവ് പറഞ്ഞു.
