ദിലീപിന് അതിജീവിതയോട് തീർത്താൽ തീരാത്ത പകയുണ്ടായിരുന്നു; വേർപിരിയാൻ കാരണം ആ ചാറ്റുകൾ - ടി.ബി. മിനി
ഷീബ വിജയൻ
തൃശൂർ: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി ദിലീപിന് അതിജീവിതയോട് കൃത്യമായ വൈരാഗ്യമുണ്ടായിരുന്നുവെന്നും കുറ്റം ചെയ്യാൻ വ്യക്തമായ പ്രേരണയുണ്ടായിരുന്നുവെന്നും അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനി വെളിപ്പെടുത്തി. ദിലീപിന് മാത്രം കുറ്റവാസന ഇല്ലെന്ന കോടതി വിധിയിലെ നിരീക്ഷണത്തെ അവർ രൂക്ഷമായി വിമർശിച്ചു. തൃശൂരിൽ നടന്ന 'അവൾക്കൊപ്പം' ഐക്യദാർഢ്യ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
മഞ്ജു വാര്യരും ദിലീപും തമ്മിലുള്ള വിവാഹബന്ധം തകരാൻ കാരണം ദിലീപും കാവ്യ മാധവനും തമ്മിലുള്ള ചാറ്റുകളാണെന്നും ടി.ബി. മിനി പറഞ്ഞു. ദിലീപ് മഞ്ജുവിന് നൽകിയ പഴയ ഫോണിൽ നിന്നാണ് ഈ വിവരങ്ങൾ മഞ്ജു കണ്ടെത്തിയത്. ഇക്കാര്യം മഞ്ജു വാര്യരും ഗീതു മോഹൻദാസും അതിജീവിതയുമെല്ലാം കോടതിയിൽ മൊഴി നൽകിയിട്ടുള്ളതാണ്. ദിലീപും കാവ്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അതിജീവിത മഞ്ജുവിനോട് പറഞ്ഞതാണ് എട്ടാം പ്രതിയെ കടുത്ത വൈരാഗ്യത്തിലേക്ക് നയിച്ചതെന്നും ഇതാണ് കേസിലെ പ്രധാന പ്രേരണയെന്നും അവർ വ്യക്തമാക്കി.
കേസിൽ 20 സാക്ഷികൾ കൂറുമാറിയത് വിധിയെ സ്വാധീനിച്ചിട്ടുണ്ടാകാമെന്നും ദിലീപിന്റെ അടുത്ത ബന്ധുക്കളും സിനിമാരംഗത്തെ സുഹൃത്തുക്കളായ സിദ്ദീഖ്, ഇടവേള ബാബു തുടങ്ങിയവരുമാണ് കൂറുമാറിയതെന്നും അവർ ചൂണ്ടിക്കാട്ടി. വിചാരണ വേളയിൽ പ്രോസിക്യൂഷനെ പ്രതിഭാഗം അഭിഭാഷകന്റെ ജൂനിയർ കൈയേറ്റം ചെയ്യാൻ മുതിർന്നിട്ടും ജഡ്ജി നടപടിയെടുത്തില്ലെന്ന് മിനി ആരോപിച്ചു. കോടതി വിധിയെ താൻ തള്ളിക്കളയുന്നില്ലെന്നും എന്നാൽ ന്യായമായ വിമർശനം ഉയർത്തുകയാണെന്നും അവർ പറഞ്ഞു. ഭീഷണികൾക്ക് വഴങ്ങാതെ നീതിക്കായുള്ള പോരാട്ടം തുടരുമെന്നും ലോകമെമ്പാടുമുള്ള മലയാളികൾ അതിജീവിതയ്ക്ക് പിന്നിലുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
adsadsweqsad
