വിദേശ എൻജിനീയർമാരുടെ യോഗ്യത ഉറപ്പാക്കുമെന്ന് കുവൈത്ത്
കുവൈത്ത് സിറ്റി : വിദേശ എൻജിനീയർമാരുടെ യോഗ്യത ഉറപ്പുവരുത്താൻ കുവൈത്ത് സർക്കാർ ഇലക്ട്രോണിക് സംവിധാനം ഏർപ്പെടുത്തും. അംഗീകാരമില്ലാത്ത സർവ്വകലാശാലകളിൽ നിന്ന് ബിരുദം നേടിയവർ, വ്യാജരേഖകളുമായി എത്തുന്നവർ തുടങ്ങിയവരെ കണ്ടെത്താൻ പദ്ധതി സഹായിക്കും. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽനിന്നുള്ളവർക്കു സംവിധാനം സൗകര്യപ്രദമാകുമെന്നാണ് വിലയിരുത്തൽ.
കുവൈത്ത് എൻജിനീയേഴ്സ് സൊസൈറ്റിയും തൊഴിൽ മന്ത്രാലയവും ചേർന്നു നടപ്പാക്കുന്ന പദ്ധതി യോഗ്യരെ കണ്ടെത്തുന്നതിൽ മാൻപവർ അതോറിറ്റിക്കും ജോലി ലഭ്യത സംബന്ധിച്ച് ഉദ്യോഗാർത്ഥിക്കും വ്യക്തത നൽകുമെന്നതാണ് നേട്ടം. കുവൈത്ത് എൻജിനീയറിംങ് സൊസൈറ്റി വികസിപ്പിച്ചെടുത്ത സംവിധാനം സംബന്ധിച്ച് സാമൂഹിക−തൊഴിൽ മന്ത്രി ഹിന്ദ് അൽ സബീഹ് അധികൃതരുമായി ചർച്ച നടത്തി.
ഇന്ത്യൻ എൻജിനീയർമാർക്കു കുവൈത്ത് പൊതുമേഖലയിൽ തൊഴിൽ ലഭിക്കണമെങ്കിൽ അവർ ഇന്ത്യയിലെ നാഷണൽ ബോർഡ് അക്രഡിറ്റേഷനിൽ (എൻ.ബി.എ) രജിസ്റ്റർ ചെയ്യപ്പെട്ട സ്ഥാപനങ്ങളിൽ നിന്നായിരിക്കണം. ഇന്ത്യയിലെ മുഴുവൻ എൻജിനീയറിംങ് കോളേജുകളും എൻ.ബി.എയിൽ രജിസ്റ്റർ ചെയ്യണമെന്നാണ് വ്യവസ്ഥയെങ്കിലും സ്ഥിതി അങ്ങനെയല്ല. റജിസ്ട്രേഷൻ വർഷംതോറും പുനഃരവലോകനം ചെയ്യുമെന്നതിനാൽ ഒരുവർഷം രജിസ്റ്റർ ചെയ്‌ത കോളേജിന് അടുത്തവർഷം രജിസ്ട്രേഷൻ ഉണ്ടായിരിക്കണമെന്നുമില്ല. ഒരു വിദ്യാർത്ഥി കോഴ്സ് തുടങ്ങുന്ന വർഷം കോളേജിന് എൻ.ബി.എ അക്രഡിറ്റേഷൻ ഉണ്ടായിരുന്നെങ്കിൽ കോഴ്സ് പൂർത്തിയാക്കിയ വർഷം അതുണ്ടായിരിക്കണമെന്നില്ല.
വാർഷിക പുനഃരവലോകനത്തിൽ എന്തെങ്കിലും പോരായ്മ കണ്ടെത്തിയതിനാൽ കോളേജിനുള്ള രജിസ്ട്രേഷൻ എൻ.ബി.എ മരവിപ്പിച്ചിട്ടുണ്ടാകാം. കോഴ്സ് പൂർത്തിയാക്കിയ വർഷം എൻ.ബി.എ രജിസ്ട്രേഷൻ ഇല്ലാതായാൽ സ്വാഭാവികമായും കുവൈത്ത് അധികൃതർ അംഗീകരിക്കില്ല.

