ചിരിയുടെ രാജാവിന് 27-ാം സ്മരണാഞ്ജലി: നടൻ സൈനുദ്ദീന്റെ ഓർമദിനത്തിൽ വൈകാരിക കുറിപ്പുമായി മകൻ സിനിൽ
ഷീബ വിജയൻ
മലയാള സിനിമയിൽ ചിരിയുടെ വലിയൊരു കാലഘട്ടം സൃഷ്ടിച്ച എ.സി സൈനുദ്ദീൻ വിടപറഞ്ഞിട്ട് 27 വർഷം തികയുന്നു. തന്റെ ശബ്ദം കൊണ്ടും പ്രത്യേക ഡയലോഗ് അവതരണശൈലി കൊണ്ടും മലയാളികളുടെ മനസ്സിൽ എന്നും മായാത്ത ഇടം നേടിയ നടനാണ് അദ്ദേഹം. അച്ഛന്റെ ഓർമദിനത്തിൽ മകൻ സിനിൽ സൈനുദ്ദീൻ പങ്കുവെച്ച വൈകാരിക കുറിപ്പ് ആരാധകരെയും സ്പർശിക്കുന്നതാണ്. പ്രിയപ്പെട്ട അച്ഛന്റെ സ്നേഹസ്മരണയിൽ 27-ാം ചരമവാർഷികം കാഴ്ചയിൽ നിന്ന് മറഞ്ഞെങ്കിലും, ഹൃദയങ്ങളിൽ അങ്ങ് എന്നും ജീവിക്കുമെന്നും എന്നും മിസ് ചെയ്യുന്നുവെന്നും മകൻ സിനിൽ സൈനുദ്ദീൻ കുറിച്ചു.
1956 മെയ് 12ന് എറണാകുളത്ത് ജനിച്ച സൈനുദ്ദീൻ കൊച്ചിൻ കലാഭവനിലൂടെയാണ് മിമിക്രി വേദികളിൽ സജീവമാകുന്നത്. നടൻ മധുവിന്റെ 'പരീക്കുട്ടി' എന്ന കഥാപാത്രത്തിന്റെ അനുകരണം അദ്ദേഹത്തിന്റെ കരിയറിലെ വലിയ വഴിതിരിവായി മാറി. ഇന്ത്യയിലെ ആദ്യത്തെ ത്രിമാന ചിത്രമായ 'മൈ ഡിയർ കുട്ടിച്ചാത്തനിലൂടെ' സിനിമയിലെത്തിയ അദ്ദേഹം പിന്നീട് 'മിമിക്സ് പരേഡ്', 'കാബൂളിവാല', 'ഹിറ്റ്ലർ', 'സയാമീസ് ഇരട്ടകൾ' തുടങ്ങി ഏകദേശം 150-ഓളം സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. കോമഡിയും സ്വഭാവനടിയും ഒരുപോലെ കൈകാര്യം ചെയ്ത ഈ മഹാനടൻ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് 1999 നവംബർ 4നാണ് അന്തരിച്ചത്. 'പഞ്ചപാണ്ഡവർ' ആണ് അദ്ദേഹം അവസാനമായി അഭിനയിച്ച ചിത്രം.

