സൈക്കിൾ യാത്രക്കാരുടെ സുരക്ഷയ്ക്ക് കർശന നിർദ്ദേശങ്ങളുമായി ബഹ്‌റൈൻ പോലിസ്: നിർദ്ദേശങ്ങൾ പാലിക്കണം


പ്രദീപ് പുറവങ്കര

മനാമ: രാജ്യത്തെ സൈക്കിൾ യാത്രക്കാർ സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും ഇതിനായി നീക്കിവെച്ചിട്ടുള്ള പ്രത്യേക പാതകൾ മാത്രം ഉപയോഗിക്കണമെന്നും ആഭ്യന്തര മന്ത്രാലയം നിർദ്ദേശിച്ചു. ദിനംപ്രതി വർദ്ധിച്ചുവരുന്ന അപകടങ്ങളും പരിക്കുകളും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പോലീസിന്റെ മുന്നറിയിപ്പ്. ആഭ്യന്തര മന്ത്രാലയത്തിന്റെ 'അൽ അമാൻ' സോഷ്യൽ മീഡിയ പരിപാടിയിൽ സംസാരിക്കവെ ഹിദ്ദ് പോലീസ് സ്റ്റേഷൻ മേധാവി കേണൽ ഡോ. ഒസാമ ബഹാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തൊഴിലിടങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ, കുട്ടികളുമൊത്ത് വിനോദത്തിന് സൈക്കിൾ ഓടിക്കുന്നവർ, കായിക പരിശീലനം നടത്തുന്നവർ എന്നിങ്ങനെ മൂന്ന് തരത്തിലുള്ള സൈക്കിൾ യാത്രക്കാരാണ് ബഹ്‌റൈനിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. അനുയോജ്യമല്ലാത്ത റോഡുകളിലൂടെയുള്ള യാത്ര അപകട സാധ്യത വർദ്ധിപ്പിക്കുന്നു. സൈക്കിൾ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ തെക്കൻ ഗവർണറേറ്റിൽ ഹിസ് ഹൈനസ് ശൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിൽ 50 കിലോമീറ്റർ നീളമുള്ള പ്രത്യേക സൈക്കിൾ പാത നിർമ്മിച്ചിട്ടുണ്ടെന്നും ഈ പാതകൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

തലച്ചോറിനേൽക്കുന്ന ആഘാതം, തലയോട്ടിയിലെ പൊട്ടലുകൾ എന്നിവയാണ് സൈക്കിൾ അപകടങ്ങളിലെ പ്രധാന മരണകാരണം. കൃത്യമായ ഹെൽമറ്റ് ഉപയോഗവും ട്രാഫിക് നിയമങ്ങൾ പാലിക്കലുമാണ് അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാനുള്ള പ്രധാന വഴി. ഹെൽമറ്റിന്റെ വശങ്ങളിലുള്ള സ്ട്രാപ്പുകൾ ചെവിക്ക് താഴെ കൃത്യമായി 'V' ആകൃതിയിൽ വരാൻ തക്കവിധം ക്രമീകരിക്കണം. പകൽ സമയങ്ങളിൽ നീല, മഞ്ഞ, പച്ച തുടങ്ങിയ വ്യക്തമായി കാണാൻ സാധിക്കുന്ന (Fluorescent) നിറങ്ങളിലുള്ള വസ്ത്രങ്ങളും, രാത്രിയിൽ വെളിച്ചം അടിക്കുമ്പോൾ തിളങ്ങുന്ന (Reflective) വസ്ത്രങ്ങളും ധരിക്കണം. മുന്നിൽ വെള്ള വെളിച്ചവും പുറകിൽ ചുവപ്പ് ഫ്ലാഷ് ലൈറ്റും ഘടിപ്പിക്കണം. കണ്ണ് സംരക്ഷിക്കാൻ അനുയോജ്യമായ ഗ്ലാസുകൾ ധരിക്കേണ്ടതുണ്ട്.

ഗ്രൂപ്പുകളായി സൈക്കിൾ ചവിട്ടുന്നവർ പാതയുടെ വലതുവശം ചേർന്ന് പോകണം. ഗ്രൂപ്പിന് വ്യക്തമായി നിർദ്ദേശങ്ങൾ നൽകാൻ സാധിക്കുന്ന ഒരു ക്യാപ്റ്റൻ ഉണ്ടാകണം. യാത്ര ആരംഭിക്കുന്നതിന് മുൻപ് റൂട്ടും സുരക്ഷാ മാനദണ്ഡങ്ങളും അംഗങ്ങളെ ബോധ്യപ്പെടുത്തേണ്ടത് ക്യാപ്റ്റന്റെ ചുമതലയാണെന്നും കേണൽ ഡോ. ഒസാമ ബഹാർ കൂട്ടിച്ചേർത്തു.

#4pmnews #BahrainCycling #CyclingSafety #BahrainNews

article-image

dsddsdsdsd

You might also like

  • Lulu Exchange
  • Straight Forward

Most Viewed