വൈദ്യുതി പ്രതിസന്ധി മറികടക്കാൻ വഴിതുറന്ന് സർക്കാർ: കെഎസ്ഇബി നിലപാട് തള്ളി, ഹിമാചലിനെ ഒഴിവാക്കി GNA-യിൽ നിന്ന് 500 മെഗാവാട്ട് വാങ്ങും
ഷീബ വിജയൻ
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി നേരിടാൻ മാർച്ച് 31 വരെ ജി.എൻ.എ എനർജി ഒ.ടി.സി പ്ലാറ്റ്‌ഫോമിൽനിന്ന് 500 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ സർക്കാർ തീരുമാനിച്ചു. കൂടുതൽ ഉയർന്ന വിലയുള്ള ഹിമാചൽ പ്രദേശ് വൈദ്യുതി വാങ്ങേണ്ടെന്ന നിലപാടിലാണ് സർക്കാർ. ഇക്കാര്യത്തിൽ കെ.എസ്.ഇ.ബിയുടെ എതിർവാദം തള്ളിയാണ് സർക്കാരിന്റെ നിർണായക നീക്കം.
മാർച്ച് 31 വരെ വിവിധ സമയങ്ങളിലായി യൂണിറ്റിന് 8.63 രൂപ, 8.90 രൂപ നിരക്കിലാണ് സ്വകാര്യ കമ്പനിയായ ജി.എൻ.എയിൽനിന്ന് വൈദ്യുതി വാങ്ങുന്നത്. എന്നാൽ ഹിമാചൽ പ്രദേശ് പവർ ട്രേഡിങ് കോർപ്പറേഷൻ വഴി യൂണിറ്റിന് 14.50 രൂപയെന്ന ഉയർന്ന നിരക്കാണ് ആവശ്യപ്പെട്ടിരുന്നത്. ജി.എൻ.എയുടെ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ യൂണിറ്റിന് 5.50 മുതൽ 6 രൂപ വരെ വ്യത്യാസമുണ്ട്. ഹിമാചലിൽ നിന്ന് വൈദ്യുതി വാങ്ങിയാൽ സംസ്ഥാന സർക്കാരിന് 2,232 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത വരുമെന്നതിനാലാണ് ഈ വാഗ്ദാനം തള്ളിയതെന്ന് മുഖ്യമന്ത്രി സതീശൻ വ്യക്തമാക്കി.
അതേസമയം പീക്ക് സമയത്ത് കൂടുതൽ വൈദ്യുതി നൽകുന്നത് ഹിമാചൽ ആണെന്നും, ജി.എൻ.എയിൽ നിന്ന് വാങ്ങിയാൽ പീക്ക് സമയത്ത് വേറെ വൈദ്യുതി വാങ്ങേണ്ടി വരുന്നത് ബോർഡിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നുമായിരുന്നു കെ.എസ്.ഇ.ബിയുടെ നിലപാട്. എന്നാൽ പീക്ക് സമയത്തേക്ക് കൂടുതൽ വൈദ്യുതി വാഗ്ദാനം ചെയ്തത് ജി.എൻ.എ തന്നെയാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ഈ വാദം തള്ളി. കൂടാതെ ഏപ്രിൽ-മേയ് മാസങ്ങളിൽ എൻ.ടി.പി.സി നിലയത്തിൽനിന്ന് കൂടുതൽ വൈദ്യുതി ലഭിക്കുമെന്നും അദ്ദേഹം സൂചന നൽകി.
വൈദ്യുതി ബോർഡ് ചെയർമാൻ രാജമാണിക്യത്തിന്റെ സ്ഥലംമാറ്റം ഈ വിഷയവുമായി ബന്ധപ്പെട്ടാണെന്ന ആരോപണങ്ങൾ മുഖ്യമന്ത്രി നിഷേധിച്ചു. ചെയർമാന്റെ മാറ്റം സ്വാഭാവികമായ നടപടി മാത്രമാണെന്നും വൈദ്യുതി വാങ്ങലുമായി അതിന് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ewqwqweqw

