ബഹ്‌റൈൻ പോസ്റ്റിൽ വൻ പരിഷ്കാരം: 100 പുതിയ സേവന കേന്ദ്രങ്ങളും റെഡ് ബോക്‌സ് ലോക്കറുകളും നിലവിൽ വരും
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ തപാൽ മേഖലയെ കൂടുതൽ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായി സമഗ്രമായ അഴിച്ചുപണി പ്രഖ്യാപിച്ച് ഗതാഗത, വാർത്താവിനിമയ മന്ത്രാലയം. നിലവിലുള്ള 8 പോസ്റ്റ് ഓഫീസുകൾ അടച്ചുപൂട്ടാൻ തീരുമാനിച്ചതായി ഗതാഗത, വാർത്താവിനിമയ മന്ത്രി ഡോ. ശൈഖ് അബ്ദുള്ള ബിൻ അഹമ്മദ് അൽ ഖലീഫ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പരമ്പരാഗത ശൈലിയിൽ നിന്ന് മാറി പൊതുജനങ്ങൾക്ക് കൂടുതൽ എളുപ്പത്തിൽ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 100 പുതിയ സേവന കേന്ദ്രങ്ങളാണ് രാജ്യത്തുടനീളം ആരംഭിക്കുന്നത്. ഇതിൽ 50 എണ്ണം പ്രമുഖ ഷോപ്പിംഗ് മാളുകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന 'പോസ്റ്റൽ കോൺടാക്റ്റ് പോയിന്റുകൾ' ആയിരിക്കും. ബാക്കി 50 എണ്ണം 'റെഡ് ബോക്‌സ്' (RedBox) ബ്രാൻഡിൽ പ്രവർത്തിക്കുന്ന അത്യാധുനിക ഇലക്ട്രോണിക് പാഴ്‌സൽ ലോക്കറുകളാണ്.
അതേസമയം, പോസ്റ്റൽ ശൃംഖലയുടെ പ്രധാന കേന്ദ്രങ്ങളായി മനാമ, റിഫ, ബുദയ്യ, അദ്‌ലിയ, ബഹ്‌റൈൻ പോസ്റ്റ് സോർട്ടിംഗ് സെന്റർ എന്നീ 5 പ്രധാന പോസ്റ്റ് ഓഫീസുകൾ തുടർന്നും പ്രവർത്തിക്കും. കൂടാതെ, ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ അമിത ഭാരമുള്ള ലഗേജുകൾ കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക കൗണ്ടറും ആരംഭിക്കും.
ഡിജിറ്റൽ ലോക്കർ സംവിധാനം (RedBox)
ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളായ ആമസോൺ, ടെമു, അലി എക്സ്പ്രസ്സ് തുടങ്ങിയവ വഴിയുള്ള പാഴ്‌സൽ ഡെലിവറികൾ ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ കൈപ്പറ്റാൻ റെഡ് ബോക്സ് ലോക്കറുകൾ സഹായിക്കും. ഉപഭോക്താക്കൾക്ക് തങ്ങൾക്ക് സൗകര്യപ്രദമായ ലോക്കർ ലൊക്കേഷൻ തിരഞ്ഞെടുക്കാം. പാഴ്‌സൽ എത്തുമ്പോൾ മൊബൈലിൽ ലഭിക്കുന്ന രഹസ്യ കോഡ് ഉപയോഗിച്ച് പോസ്റ്റ് ഓഫീസ് സമയം നോക്കാതെ തന്നെ ഉപഭോക്താക്കൾക്ക് ഇവ ശേഖരിക്കാം. ഇതിനായി ഉപഭോക്താക്കളിൽ നിന്ന് അധിക ഫീസ് ഒന്നും ഈടാക്കില്ലെന്ന് പോസ്റ്റൽ അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. ഖാലിദ് അൽ ഹൈദാൻ വ്യക്തമാക്കി. സെപ്റ്റംബറിൽ നടത്തിയ ട്രയലിൽ 71% ഉപഭോക്താക്കളും ഇലക്ട്രോണിക് ലോക്കറുകൾ തിരഞ്ഞെടുക്കുകയുണ്ടായി.
ആദ്യ ഘട്ടത്തിൽ 3 മാസത്തിനുള്ളിൽ 25 കോൺടാക്റ്റ് പോയിന്റുകളും 25 ഇലക്ട്രോണിക് ലോക്കറുകളും സജ്ജമാക്കും. ആറുമാസത്തിനകം പദ്ധതി പൂർണ്ണമായി നടപ്പിലാക്കും. തപാൽ ഓഫീസുകൾ പൂട്ടുന്നത് വഴി ജീവനക്കാർക്ക് ജോലി നഷ്ടപ്പെടില്ലെന്നും അവരെ മന്ത്രാലയത്തിലെ മറ്റ് മേൽനോട്ട, പരിശോധനാ വിഭാഗത്തിലേക്ക് പുനരധിവസിപ്പിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
ലാഭകരമായി പ്രവർത്തിക്കുന്ന തപാൽ മേഖലയെ കൂടുതൽ ജനകീയമാക്കാനും വരുമാനം വർദ്ധിപ്പിക്കാനുമാണ് ഈ മാറ്റങ്ങളെന്ന് ലാൻഡ് ട്രാൻസ്‌പോർട്ട് ആൻഡ് പോസ്റ്റൽ അഫയേഴ്‌സ് അണ്ടർ സെക്രട്ടറി ഫാത്തിമ അൽ ധാഇൻ കൂട്ടിച്ചേർത്തു. 1848-ൽ ആരംഭിച്ച ബഹ്‌റൈനിലെ പോസ്റ്റൽ സേവനങ്ങൾ ആധുനികവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
fgdfdfdfs

